ഒരു വർഷത്തിലേറെയായി അടച്ചിട്ട അടിപ്പാത തുറന്നു
text_fieldsഒക്ടോബർ നാലിന് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത
കരുനാഗപ്പള്ളി: ദേശീയ പാതയിൽ ഒരുവർഷത്തിലേറെയായി അടച്ചിട്ട അടിപ്പാത തുറന്നു.'തുറക്കാതെ അടിപ്പാത' ചുറ്റിക്കറങ്ങി ദുരിതത്തിൽ നാട്ടുകാർ ' എന്ന തലക്കെട്ടിൽ ഒക്ടോബർ നാലിന് 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ചവറ കെ.എം.എം.എൽ കമ്പനിക്ക് മുന്നിലെ അടച്ചിട്ടിരുന്ന അടിപ്പാത തുറന്നുകൊടുത്തത്.
വാർത്ത അധികൃതരുടെ ശ്രദ്ധയിൽപെട്ടതോടെ ചവറ കെ.എം.എം.എൽ പരിസരത്ത് ഏറെനാളായി നിർത്തിയിരുന്ന അനുബന്ധ ഉയരപ്പാതയുടെ പണിയും ആരംഭിച്ചിട്ടുണ്ട്. ഈ അടിപ്പാത അടച്ചിരുന്നതിനാൽ ചവറയിൽ നിന്നും ശാസ്താംകോട്ട റോഡിലേക്ക് പോകേണ്ടവർ ഒരുകിലോമീറ്ററോളം ചുറ്റിക്കറങ്ങി കോലത്തുമുക്കിലെത്തി മടങ്ങിയാണ് നിത്യവും യാത്രചെയ്തിരുന്നത്.
ശാസ്താംകോട്ട ഭാഗത്തുനിന്നും കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ടവരും ഏറെദൂരം ചുറ്റിക്കറങ്ങിയശേഷം മാത്രമേ ദേശീയപാതയിൽ കയറാൻ കഴിഞ്ഞിരുന്നുള്ളൂ. കുണ്ടുംകുഴിയും നിറഞ്ഞ സർവിസ് റോഡുകളിലൂടെയുള്ള യാത്രയും ദുരിതപൂർണമായി തുടരുകയാണ്. തുറന്ന അടിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്.


