അയത്തിലിൽ അടിപ്പാത: ആവശ്യം ശക്തമാകുന്നു
text_fieldsഇരവിപുരം: അയത്തിൽ ജംഗ്ഷന് കിഴക്കും പടിഞ്ഞാറും ഉള്ളവർക്ക് കൊല്ലൂർവിള പള്ളിമുക്കിലേക്ക് പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥ. അയത്തിൽ ജംഗ്ഷനിൽ നിർമാണം പൂർത്തിയായി കിടക്കുന്ന മേൽപ്പാലത്തിന്റെ ഇരുവശങ്ങളിലും അടിപ്പാതകൾ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വീണ്ടും ശക്തമായി. അയത്തിൽ ഫാക്ടറിക്ക് വടക്കോട്ടുള്ളവർക്ക് പള്ളിമുക്കിൽ പോകണമെങ്കിൽ ഏറെ അകലെയുള്ള പാൽക്കുളങ്ങര പോയി ചുറ്റിക്കറങ്ങി വീണ്ടും അയത്തിൽ ജംഗ്ഷന് തെക്കുവശമെത്തി പോകേണ്ട സ്ഥിതിയാണ്.
ജംഗ്ഷന് വടക്കുവശം ഉള്ളവർക്ക് കണ്ണനല്ലൂർ റോഡിലേക്ക് പോകണമെങ്കിലും പാൽക്കുളങ്ങരയിൽ പോയി ചുറ്റി വരേണ്ട സ്ഥിതിയാണ്. അയത്തിൽ ജംഗ്ഷനിൽ തൂണുകളിൽ ഉള്ള കൂടുതൽ അണ്ടർ പാസേജുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി ഹൈക്കോടതിയെ സമീപിക്കുകയും സമിതിയുടെ നിവേദനത്തിൽ ഹൈവേ അതോറിറ്റി നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവിന് ഹൈവേ അതോറിറ്റി യാതൊരു വിലയും കൽപ്പിച്ചിരുന്നില്ല. ഉയരപ്പാതയുടെ നിർമാണം അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് പള്ളിമുക്കിലേക്കും കണ്ണനല്ലൂരിലേക്കും പോകണമെങ്കിൽ ചുറ്റിക്കറങ്ങേണ്ട സ്ഥിതി ഉണ്ടായിരിക്കുന്നത്.
അടിപ്പാതയുടെ ഒരുവശം അടച്ചു; വീണ്ടും ഗതാഗത കുരുക്ക്
അടിപ്പാതയുടെ ഒരുവശം പൊലീസ് അടച്ചത് അയത്തിൽ ജംഗ്ഷനിൽ വീണ്ടും വലിയ ഗതാഗത കുരുക്കിന് കാരണമായി. ഏതാനും ദിവസം മുമ്പ് കലക്ടറുടെ നിർദ്ദേശ പ്രകാരം ഗതാഗതത്തിനായി തുറന്ന അടിപ്പാതയുടെ ഒരു ഭാഗമാണ് അടച്ചത്. അടിപ്പാതയുടെ ഒരു ഭാഗം അടച്ചതോടെ കണ്ണനല്ലൂർ ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ അയത്തിൽ പെട്രോൾ പമ്പിന് അടുത്ത് പോയി തിരിഞ്ഞ് വരേണ്ട സ്ഥിതിയാണ്.
അയത്തിൽ ജങ്ഷനിൽ ഉള്ള രണ്ട് സർവീസ് റോഡുകളും ഇടുങ്ങിയതായതിനാലും, സർവീസ് റോഡുകളിൽ വാഹനപ്പെരുപ്പം വർധിച്ചതും ജംഗ്ഷനിൽ ഗതാഗതകുരുക്കിന് കാരണമാക്കി. സ്വകാര്യ ബസ്സുകളും കെ.എസ്.ആർ.ടി.സി വേണാട് ബസുകളും പാലത്തിനടിയിലൂടെ കടന്നു കൊല്ലം ഭാഗത്തേക്ക് പോകാൻ അനുവദിക്കാത്തതിനാൽ സ്വകാര്യ ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായിട്ടുണ്ട്. ബസ്സുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെപല ബസ്സുകളും പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുവാൻ നിർബന്ധമായിരിക്കുകയാണ്. ദീർഘദൂര സർവീസുകൾ ഒരു കിലോമീറ്റർ സർവീസ് നടത്തുന്നതിന് രണ്ടര മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒരു മിനിറ്റ് രണ്ടു മിനിറ്റ് മൂന്നു മിനിറ്റ് ഗ്യാപ്പുകളിലാണ് കൊല്ലം കണ്ണനല്ലൂർ റൂട്ടിൽ സ്വകാര്യബസ്സുകൾ സർവീസ് നടത്തുന്നത്.
ബസ്സുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെ കൊല്ലം കണ്ണനല്ലൂർ സ്വകാര്യ ബസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടായ്മ കൺവീനർ ഹാഷിം, പൊതുപ്രവർത്തകനായ അയത്തിൽ നിസാം എന്നിവർ ചേർന്ന് തിങ്കളാഴ്ച രാവിലെ ജില്ലാ കലക്ടറെ നേരിൽ കണ്ട് ജംഗ്ഷനിലെ സ്ഥിതിഗതികൾ വിശദീകരിച്ച് ജംഗ്ഷനിൽ അടിയന്തരമായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനും കൂടുതൽ പൊലീസിനെ നിയമിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഒരു വാഹനത്തിന് തന്നെ കഷ്ടിച്ചു പോകാവുന്ന നിലയിലാണ് ജംഗ്ഷനിൽ സർവീസ് റോഡ് നിർമ്മിച്ചിരിക്കുന്നത്.സർവീസ് റോഡ് അരികിൽ നിർമ്മിച്ചിട്ടുള്ള ഓടക്കു മുകളിലൂടെയാണ് പല വാഹനങ്ങളും കടന്നുപോകുന്നത്.