റവന്യൂ ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചുകടത്തി
text_fieldsപത്തനാപുരം: സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽനിന്നും മരം മുറിച്ചുമാറ്റുന്നതിന്റെ മറവിൽ റവന്യൂ ഭൂമിയിൽ നിന്ന വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. പട്ടാഴി മൈലാടുമ്പാറ വാർഡിലെ കുളപ്പാറ മേഖലയിൽ രണ്ട് മാസംമുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ പരാതിയായി പുറത്തുവന്നത്.
കുളപ്പാറ മേഖലയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ ഭൂമിയിൽ നിന്ന് റബർ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പിടവൂരിലുള്ള വ്യക്തി കരാർ എടുത്തിരുന്നു. എന്നാൽ, സ്വകാര്യ വ്യക്തിയുടെ ഭൂമിയോട് ചേർന്ന് കിടക്കുന്ന സർക്കാർഭൂമിയിൽനിന്നും വിലപിടിപ്പുള്ള തേക്ക്, ഈട്ടി, ആഞ്ഞിലി തുടങ്ങിയ കൂറ്റൻ മരങ്ങളും മുറിച്ചുകടത്തിയതായി പട്ടാഴി വില്ലേജ് ഓഫിസർക്ക് പരാതി ലഭിച്ചു.
തുടർന്ന് വില്ലേജ് ഓഫിസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ, ഡെപ്യൂട്ടി തഹസീൽദാറെയും താലൂക്ക് സർവെയറേയും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, സ്ഥലം അളന്നു തിട്ടപ്പെടുത്തുവാൻ ആധുനിക ഉപകരണങ്ങൾ വേണ്ടിവരുമെന്ന് ഭൂരേഖ തഹസിൽദാർ വ്യക്തമാക്കി. ഇതിനായി താലൂക്കിൽ നിന്നും കലക്ടറേറ്റിൽ അപേക്ഷ നൽകിയിട്ടുണ്ട്.
കുളപ്പാറ മേഖലയിലെ സർക്കാർ ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചതായി പ്രദേശവാസികൾ വ്യക്തമായിട്ടുണ്ട്. അതിർത്തി നിർണയിച്ചിരുന്ന കല്ലുകൾ നശിപ്പിച്ച നിലയിലാണ്. കൂറ്റൻ പാറയോട് ചേർന്നുള്ള ചെറിയ പാറക്കെട്ടുകൾക്കിടയിൽ ആരും കാണാത്ത രീതിയിലാണ് മരങ്ങൾ മുറിച്ചിട്ടുള്ളത്. പാറക്ക് ചുറ്റും നിന്ന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്ത തരത്തിൽ ദൂരപരിധിയിട്ടാണ് മരങ്ങൾ മുറിച്ചിട്ടുള്ളത്. തെളിവ് നശിപ്പിക്കുന്നതിന് മരക്കുറ്റികൾ പിഴുതുമാറ്റിയതും സ്ഥലത്ത് കാണാം. സംഭവം വിവാദമായതോടെ പട്ടാഴി വില്ലേജ് ഓഫിസർ ഇടപെട്ട് മരംമുറിക്കലിന് സ്റ്റോപ് മെമ്മോ നൽകി.