ഓണവിപണി മുന്നിൽക്കണ്ട് പച്ചക്കറി വിലവർധന
text_fieldsകൊല്ലം: ഓണവിപണി മുന്നിക്കണ്ട് റോക്കറ്റുപോലെ കുതിച്ചുയർന്ന് പച്ചക്കറിവില. കറികളിൽ ഒഴിച്ചുകൂടാനാകാത്ത പച്ചമുളകിനും തക്കാളിക്കുമാണ് ഏറ്റവുമധികം വില ഉയർന്നത്. ഒരുമാസം മുമ്പ് കിലോയ്ക്ക് 40-60 രൂപയുണ്ടായിരുന്ന പച്ചമുളകിന്റെ വില ചില്ലറവിപണിയിൽ 90ലേക്കെത്തി. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില പൊടുന്നനെയാണ് 50ലേക്കുയർന്നത്. ബീൻസ്, വെണ്ട, അമരയ്ക്ക,കാരറ്റ്, ഇഞ്ചി, പാവക്ക തുടങ്ങി സാധാരണക്കാരന്റെ അടുക്കളിയിലെ നിത്യ സന്ദർശകരായ പച്ചക്കറികളുടെയെല്ലാം വില കുതികുതിക്കുകയാണ്.
കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വരവും ഗണ്യമായി കുറഞ്ഞതോടെ പച്ചക്കറി ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയാണ്. മഴക്കാലമായതിനാൽ എത്തുന്ന പച്ചക്കറികളിൽ പകുതിയും വെള്ളം കയറി അഴുകി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരുമാസം മുമ്പ് കിലോയ്ക്ക് ഹോൾസെയിൽ വില 25 രൂപ ഉണ്ടായിരുന്ന അമരയ്ക്ക് ഇപ്പോൾ 55 രൂപയായി. നിലം തൊടാതെ നാളുകളായി മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത തേങ്ങ വിലയും പറപറക്കുകയാണ്. 85-90 രൂപയോളമാണ് തേങ്ങയുടെ വിപണി വില.
ജില്ലയിലേക്ക് പച്ചക്കറി എത്തുന്ന ദക്ഷിണ കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ പച്ചക്കറി പാടങ്ങളിൽ കനത്തമഴയിൽ സംഭവിച്ച ഉൽപാദന ഇടിവാണ് വിലക്കയറ്റത്തിനിടയാക്കിയതെന്ന് മൊത്തവ്യാപാരികൾ പറയുന്നു. സാധാരണ ഈ സമയത്ത് ഇത്രേം വിലകയറ്റം ഉണ്ടാകാറില്ല. കാലാവസ്ഥ വ്യതിയാനവും വ്യാപകമായ കൃഷിനാശവുമാണ് വിലകയറ്റത്തിന് കാരണം. എത്തുന്ന പച്ചക്കറികളിൽ ഭൂരിഭാഗവും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.
ഓണത്തോടനനുബന്ധിച്ച് വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പച്ചക്കറി മൊത്ത വ്യാപാരികൾ പറയുന്നു. ഓണം മുന്നിൽ കണ്ട് കുടുംബശ്രീ ഉൾപ്പെടെ നിരവധി സംഘടനകളും സ്ഥാപനങ്ങളുമാണ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. എന്നാൽ, ശക്തമായ കാറ്റും മഴയും കൃഷിക്ക് വില്ലനായിരിക്കുകയാണ്. കഴിഞ്ഞമാസം മാത്രം ജില്ലയിൽ കുലച്ചതും കുലക്കാത്തതുമായി വിപണി മുന്നിൽക്കണ്ട് കൃഷിചെയ്ത 2,84,911 വാഴകളാണ് കാറ്റിലും മഴയിലും നിലംപൊത്തിയത്. കാർഷിക വകുപ്പിന്റെ കണക്കുപ്രകാരം 14.52 കോടിയുടെ നഷ്ടമാണ് വാഴ കർഷകർക്ക് മാത്രമായി കണക്കാക്കിയിരിക്കുന്നത്.