വി.എസിന് വിടയേകി കൊല്ലം
text_fieldsവി.എസിന്റെ മൃതദേഹവും വഹിച്ചുള്ള വാഹനവും കാത്ത് കൊല്ലം ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ
സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ അടക്കമുള്ളവർ കാത്തു നിൽക്കുന്നു
കൊല്ലം: ഉറങ്ങാതെ, കൊല്ലം കാത്തിരുന്നു. ചരിത്രനായകൻ വരുംവരെ ആ കാത്തിരിപ്പ് തുടർന്നു. ഘടികാരങ്ങളെല്ലാം ആ കാത്തിരിപ്പിന് മുന്നിൽ നിലച്ചിരുന്നു. ആശ്രയംതേടുന്ന മനുഷ്യർക്കൊപ്പം എന്നും നിലയുറപ്പിച്ചിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാവലാൾ കടന്നുവരുന്നത് കാണാനുള്ള കാത്തിരിപ്പ് മണിക്കൂറുകൾ പിന്നിട്ടിട്ടും അക്ഷമ കൊല്ലത്തിന്റെ മനുഷ്യരെ അലട്ടിയില്ല. ജനനായകന്റെ അവസാന യാത്ര ഇനിയുമെത്ര വൈകിയെത്തിയാലും കണ്ടേ മടങ്ങൂ എന്ന വാശിയിൽ അങ്ങ് കിഴക്കൻ മലയോരനാടുകളിൽ നിന്നുപോലും എത്തിയവർ ദേശീയപാതയോരത്ത് നിലയുറപ്പിച്ചു.
പാർട്ടി അണികളെന്നോ അനുഭാവികളെന്നോ എതിർപക്ഷക്കാരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ തോളോടുതോൾ ചേർന്ന് വഴിയോരങ്ങളിൽ മണിക്കൂറുകൾ അവർ കാത്തുനിന്നു. വി.എസ് എന്ന ഒറ്റവികാരമായിരുന്നു, അവരുടെ കാത്തിരിപ്പിന് ഊർജം പകർന്നത്. വി.എസിനോട് കൂറുകാണിച്ച ചരിത്രമുള്ള കൊല്ലത്തിന് അങ്ങനെ കാത്തിരിക്കാനെ കഴിയുമായിരുന്നുള്ളു.
പാതിരാത്രിയിലേക്ക് അടുക്കവെ ആണ് അതിർത്തിയായ കടമ്പാട്ടുകോണം കടന്ന് വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര കൊല്ലത്തിന്റെ മണ്ണ് തൊട്ടത്. അതിനും മണിക്കൂറുകൾക്ക് മുമ്പെ കൊല്ലത്ത് കാത്തിരിപ്പ് തുടങ്ങിയിരുന്നു. വൈകിട്ട് അഞ്ചോടെ തിരുവനന്തപുരത്ത് വിലാപയാത്ര അഞ്ച് കിലോമീറ്റർ പോലും പിന്നിടുംമുമ്പ്, കൊല്ലത്ത് പാരിപ്പള്ളി മുതൽ തുടങ്ങിയതാണ് കാത്തിരിപ്പ്.
സി.പി.എം ജില്ല നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ വൻജനക്കൂട്ടമാണ് പ്രിയനേതാവിന് സ്വീകരണമേകിയത്. ചെങ്കൊടി പാറിച്ച് മുഷ്ടിയുയർത്തി മുദ്രാവാക്യം വിളിച്ചുനിന്ന അണികളുടെ വികാരാവേശത്തിനൊപ്പം, വി.എസിന്റെ മടക്കം തീർത്ത ശൂന്യത മുഖങ്ങളിൽ ദുഖമായി നിഴലിക്കുന്ന ആയിരങ്ങളും ആ വാഹനത്തിന്റെ പിന്നാലെ ചേർന്നുനടന്നു.
ജില്ലയിൽ എട്ട് കേന്ദ്രങ്ങളിലാണ് അന്തിമോപചാരമർപ്പിക്കുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. ആദ്യം പാരിപ്പള്ളിയിലും തുടർന്ന് ചാത്തന്നൂർ, കൊട്ടിയം എന്നിവിടങ്ങളിലും നഗരഹൃദയത്തിൽ ചിന്നക്കട ബസ് ബേയിലും തിരക്കിൽ പാതയോരങ്ങൾ നിറഞ്ഞുകവിഞ്ഞു.
കടയ്ക്കൽ, ചടയമംഗലം, പുനലൂർ, കുന്നിക്കോട്, അഞ്ചൽ, പത്തനാപുരം, കൊട്ടാരക്കര, നെടുവത്തൂർ, കുണ്ടറ എന്നിങ്ങനെ ദേശീയപാതയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള, ജില്ലയുടെ കിഴക്കൻ അതിർത്തിക്കാർ വരെ ഈ കേന്ദ്രങ്ങളിൽ എത്തിയാണ് വി.എസിനെ അവസാനമായി കണ്ടത്. കൊല്ലം നഗരം പിന്നിട്ടപ്പോഴേക്കും പുലർച്ചെയിലേക്ക് സമയം കടന്നിരുന്നു.
നഗരാതിർത്തിയിൽ കാവനാടും തുടർന്ന് ചവറ ബസ് സ്റ്റാൻഡിലും കരുനാഗപ്പള്ളിയിലും ഓച്ചിറയിലുമെല്ലാം വി.എസിന് ഒരുപിടി പൂക്കളുമായി കാത്തിരുന്ന ജനസാഗരം പറയാതെ പറഞ്ഞു അദേഹം ഈ നാടിന് ആരായിരുന്നെന്ന്. ഇനിയൊരിക്കലും കടന്നുവരാത്ത വിപ്ലവ സമരസൂര്യന്റെ അന്തിമയാത്രക്ക് അങ്ങനെ ചരിത്രനിമിഷങ്ങളുടെ സാക്ഷ്യമൊരുക്കി കൊല്ലത്തിന്റെ ജനാവലി വിടയേകി.