പട്ടണത്തിലെ മാലിന്യവും മലിനജലവും നിറഞ്ഞു; കല്ലടയാർ ആരോഗ്യഭീഷണി ഉയർത്തുന്നു
text_fieldsവെട്ടിപ്പുഴ തോട്ടിലെ മലിനജലം കല്ലടയാറ്റിൽ ഒഴുകിയെത്തുന്ന നിലയിൽ
പുനലൂർ: ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കല്ലടയാറിൽ പുനലൂർ പട്ടണത്തിൽനിന്ന് മാലിന്യം ഒഴുകിച്ചേരുന്നത് തടയാനാകാത്തത് ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾ കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും ആശ്രയിക്കുന്നത് ഈ ആറിനെയാണ്. വേനൽക്കാലമായതോടെ ആറ്റിലെ വെള്ളം നിരവധിയാളുകൾക്ക് ആശ്വാസമാണ്.
ജില്ലയിൽ മിക്കയിടത്തും കുടിവെള്ളം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതി ഉൾപ്പെടെ ഇരുജില്ലകളിലേയും നിരവധിയായ കുടിവെള്ള പദ്ധതികൾക്ക് വെള്ളം ശേഖരിക്കുന്നത് ഈ ആറ്റിൽ നിന്നാണ്. കൂടാതെ പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്നതും ഇവിടെ നിന്നാണ്. എന്നാൽ, തെന്മല ഡാമിൽ നിന്നുള്ള ശുദ്ധജലം പുനലൂർ പട്ടണത്തിൽ എത്തുന്നത് മുതൽ മലിനമാകുന്ന ഗുരുതര സ്ഥിതിയാണുള്ളത്.
പട്ടണത്തിലെ ചില ആശുപത്രികൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ എന്നിങ്ങനെ സ്ഥാപനങ്ങളുടെയും മാർക്കറ്റിലെയും കെ.എസ്.ആർ.ടി.സി ഡിപ്പോയിലെയും ശുചിമുറി മാലിന്യവും മലിനജലവും വെട്ടിപ്പുഴ ഉൾപ്പടെ പല കൈത്തോടുകളിലൂടെയും നേരിട്ട് കല്ലടയാറ്റിൽ എത്തുന്നു. ഇതിൽ പല തോടുകളും കുടിവെള്ള പദ്ധതിക്ക് വെള്ളം ശേഖരിക്കുന്നതിന് സമീപത്താണുള്ളത്.
പട്ടണമധ്യേയുള്ള കൈത്തോടുകളും ചതുപ്പ് ഭാഗങ്ങളും പൂർണമായും മാലന്യം നിറഞ്ഞതാണ്. ഇവിടങ്ങളിൽ ആളുകൾ തള്ളുന്ന മാലിന്യം കെട്ടിക്കിടന്ന് ദുഷിച്ച് വെള്ളത്തോടൊപ്പം കല്ലടയാറ്റിൽ എത്തുകയാണ്. വേനൽ രൂക്ഷമാകുന്നതോടെ മാലിന്യം കാരണം ആറ്റിലെ വെള്ളത്തിന് നിറവ്യത്യാസം ഉണ്ടാകും.
എല്ലാ വർഷവും കാലവർഷത്തോടെ വെട്ടിപ്പുഴ, കലയനാട് ഉൾപ്പടെ തോടുകളിലെ ജലമൊഴുക്ക് സുഗമമാക്കാൻ നഗരസഭ വൻ തുക മുടക്കി ശുചീകരണം നടത്താറുണ്ട്. എന്നാൽ ആറ്റിലേക്കും ഈ തോടുകളിലേക്കും ആ മലിനജലം ഒഴുക്കുന്നതിനും മാലിന്യം തള്ളുന്നതും തടയാൻ ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ല. മലിന്യം നിറഞ്ഞ ആറ്റിലെ വെള്ളം പുനലൂരിൽ ഉൾപ്പടെ പതിനായിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിന് ശേഖരിക്കുന്നതാണെന്ന യാഥാർഥ്യം പോലും അധികൃതർ മുഖവിലക്കെടുക്കുന്നില്ല.


