ജനവാസ മേഖലയിൽ കാട്ടാന തുമ്പിക്കൈക്ക് ചുഴറ്റിയെറിഞ്ഞു; ഗൃഹനാഥന് അദ്ഭുത രക്ഷപ്പെടൽ
text_fieldsപരിക്കേറ്റ പ്രകാശന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍
കുളത്തൂപ്പുഴ: കാട്ടാന തുമ്പിക്കൈയിലെടുത്ത് ചുഴറ്റിയെറിഞ്ഞ ഗൃഹനാഥൻ ഗുരുതര പരിക്കുകളോടെ തലനാരിഴക്ക് ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടു. വീട്ടിലേക്കുള്ള യാത്രയില്‍ വനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഗൃഹനാഥന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുളത്തൂപ്പുഴ ഡാലികരിക്കം വയലരികത്ത് വീട്ടില്‍ പ്രകാശനാ(48)ണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ജോലികഴിഞ്ഞ് ഡാലികരിക്കം വനപാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കാട്ടാനകളുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ആന തുമ്പിക്കൈക്ക് ചുഴറ്റി എറിഞ്ഞ പ്രകാശന്‍ സമീപത്തെ തോട്ടിലേക്ക് വീണു. കുറച്ച് സമയത്തിനുശേഷം അതുവഴി വന്നവരാണ് പ്രകാശിന്‍റെ ഞരക്കം കേട്ട് തോട്ടില്‍നിന്ന, കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
ആനയുടെ ശ്രദ്ധയില്‍പെടാതെ തോട്ടില്‍ കിടന്നിരുന്നതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൈക്കും കാലിനും വാരിയെല്ലുകള്‍ക്കും പരിക്കേറ്റ പ്രകാശന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനുശേഷവും പ്രദേശം വിട്ടൊഴിയാതെ കാട്ടാനക്കൂട്ടം ജനവാസമേഖയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനോടകം ഒട്ടേറെ പേര്‍ കാട്ടാനയുടെ ആക്രമണത്തിനിരയായിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലക്ക് സമീപം തുടരുന്ന കാട്ടാനകളെ തുരത്താന്‍ വനപാലകര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.


