യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: പ്രതി പിടിയിൽ
text_fieldsഅജാസ്
കടയ്ക്കൽ: യുവതിയുടെ ഫോട്ടോ മോർഫ്ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതി കടയ്ക്കൽ പൊലീസിന്റെ പിടിയിൽ. മൈനാഗപ്പളളി നല്ലതറ കിഴക്കേതിൽ അജാസാണ് പിടിയിലായത്. കടയ്ക്കലിലെ വസ്ത്ര വിപണന ശാലയിലെ ജീവനക്കാരനായിരുന്നു ഇയാൾ. 2024 ജൂലൈയിലാണ് സംഭവം. വിവാഹ നിശ്ചയത്തിന് വസ്ത്രം എടുക്കാനെത്തിയ യുവതി പുതിയ വസ്ത്രം ധരിച്ചതിന് ശേഷം അജാസിനോട് ഫോട്ടോ എടുത്ത് കാണിക്കാൻ പറയുകയായിരുന്നു. അജാസിന്റെ ഫോണിൽ എടുത്ത ഫോട്ടോ യുവതിക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
ദിവസങ്ങൾക്ക് ശേഷം ഈ ചിത്രം മോർഫ് ചെയ്ത് യുവതിയുടെ മാതാവിനെ കാണിച്ചു. ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ നവമാധ്യമം വഴി പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ യുവതി കടയ്ക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അജാസ് ഒളിവിൽ പോയി.
ഫോൺ ഉപയോഗികാതിരുന്ന ഇയാൾ കഴിഞ്ഞ ദിവസം പഴയ സിംകാർഡ് ഒഴിവാക്കി പഴയ ഫോണിൽ പുതിയ സിം കാർഡ് ഇട്ടു. ഫോൺ നിരീക്ഷിച്ചിരുന്ന സൈബർ സെൽ കടയ്ക്കൽ പൊലീസിന് ഈ വിവരം കൈമാറി. തുടർന്ന് തമിഴ്നാട്ടിലെത്തിയ പൊലീസ് രാമനാഥപുരത്തെ സൂപ്പർ മാർക്കറ്റിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഇവിടെ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. കടയ്ക്കൽ സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു.