60 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; നാലുപേർ അറസ്റ്റിൽ
text_fieldsചങ്ങനാശ്ശേരി: വാഴൂർ റോഡിൽ അപ്സര തിയറ്ററിന് സമീപം ഗോഡൗണിൽ ഇറക്കുന്നതിനിടയിൽ 60 ചാക്കുകളിലായി 45,000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുകയില ഉൽപന്നങ്ങളുമായി എത്തിയ പിക്കപ്പ് വാൻ കസ്റ്റഡിയിലെടുത്തു. ഗോഡൗൺ ഉടമ ഫാത്തിമാപുരം പുത്തൻപറമ്പിൽ വീട്ടിൽ മുഹമ്മദ് സമീർ ഖാൻ, ളായിക്കാട് കുന്നുപറമ്പിൽ വീട്ടിൽ ശരൺ ശശി (31), കാക്കാംതോട് വാലുമ്മച്ചിറവീട്ടിൽ ഹരീഷ് (35), മാനന്തവാടി വിമല നഗർ പടിഞ്ഞാററ്റേതിൽ വീട്ടിൽ രാജേഷ് (46) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശ്ശേരി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പിക് അപ് വാൻ ഉടമ വയനാട് തിരുവനം സ്വദേശി പി. ബാബുവിനെതിരെ കേസെടുത്തു.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച രാത്രി 11ന് പരിശോധന നടത്തിയത്. ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി അർഷാദ് സദാനന്ദന്റെ നിർദേശപ്രകാരം എസ്.ഐമാരായ സജിത്ത്, അരുൺദേവ്, രാജേഷ്, പ്രൊബേഷനൽ എസ്.ഐ സുകേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ, നിയാസ്, പ്രതീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മൈസൂരിൽ നിന്നെത്തിയ പിക് അപ് വനാണ് പിടിച്ചെടുത്തത്. ഗോഡൗൺ പൂട്ടി സീൽ ചെയ്തു. പിക് അപ് വാൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


