ജില്ലയിൽ 63 വിദ്യാലയങ്ങൾ ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളിൽ
text_fieldsകോട്ടയം: ജില്ലയിൽ സുരക്ഷിതമല്ലാത്ത, ഉടൻ പൊളിച്ചുമാറ്റണമെന്ന് തദേശ ഭരണ വകുപ്പ് നിർദേശിച്ച കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത് 63 പൊതുവിദ്യാലയങ്ങൾ. ‘അൺഫിറ്റ്’ എന്ന് എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയ കെട്ടിടങ്ങളിൽ 43ഉം സർക്കാർ സ്കൂളുകളാണ്. ഇതിൽ മഹാഭൂരിപക്ഷവും കുരുന്നുകൾ പഠിക്കുന്ന പ്രാഥമിക വിദ്യാലയങ്ങളുമാണ്.
സി.ആർ. മഹേഷ് എം.എൽ.എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സെപ്റ്റംബർ 19ന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് കോട്ടയം ജില്ലയിലെ വിവരങ്ങൾ ഉൾപ്പെടെ പുറത്തുവന്നത്. സ്കൂൾ തുറക്കുംമുമ്പേ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തദേശസ്ഥാപനങ്ങളിൽനിന്ന് വാങ്ങി സൂക്ഷിക്കണമെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂൾ കെട്ടിടങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും പൊതു വിദ്യഭ്യാസ ഡയറക്ടർ കഴിഞ്ഞ മേയ് 13ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഈ ഉത്തരവ് പ്രകാരമുള്ള നടപടികൾ താഴെതട്ടിൽ നടപ്പായില്ല. അൺഫിറ്റ് കെട്ടിടങ്ങളുള്ള വിദ്യാലയങ്ങളിൽ അധ്യയനം തുടരാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ മൗനാനുവാദമുണ്ടെന്നാണ് സൂചന.
വിവരാവകാശ അപേക്ഷകളിൽ അൺ ഫിറ്റായ കെട്ടിടങ്ങളുടെ പട്ടിക മറച്ചുവെച്ച വിദ്യാഭ്യാസ വകുപ്പ്, നിയമസഭയിൽ ചോദ്യം വന്നപ്പോൾ മാത്രമാണ് വിവരങ്ങൾ പുറത്തുവിടാൻ തയാറായത്. വാടക കെട്ടിടത്തിലേക്കോ ഷിഫ്റ്റ് സമ്പ്രദായത്തിലോ മാറാമായിരുന്നുവെങ്കിലും ഇതല്ലൊം അവഗണിച്ചാണ് സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുള്ള സ്കൂളിൽ അധ്യയനം തുടരുന്നത്. ഇക്കഴിഞ്ഞ മഴക്കാലത്ത് വിവിധ ജില്ലകളിൽ പൊതുവിദ്യാലയങ്ങൾ തകർന്നുവീണിരുന്നു. പ്ലാൻ ഫണ്ട്, കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ അനുവദിക്കാൻ കഴിയും. അടിയന്തര സഹായം പദ്ധതിയിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണികളും നടത്താൻ കഴിയും.

പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുന്നു -ഡി.ഡി.ഇ
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റി വരികയാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി പി. അലക്സാണ്ടർ പ്രതികരിച്ചു. സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമാണ് ലേലത്തിന് വെച്ച് പൊളിച്ചുമാറ്റേണ്ട ചുമതല. പഞ്ചായത്തിൽനിന്നുള്ള എൻജിനീയറുടെ സർവേ ആൻഡ് വാല്യുവേഷൻ റിപ്പോർട്ട് കിട്ടിയ ശേഷമേ ഇത് ചെയ്യാനാകൂ. ഈ നടപടികൾ വേഗത്തിലാക്കണമെന്ന് അഭ്യർഥിച്ച് തദ്ദേശ ഭരണവകുപ്പ് ജോയിന്റ് ഡയറകട്ർക്ക് കത്തുനൽകിയിരുന്നു. ഇതിനകം സർവേ ആൻഡ് വാല്യുവേഷൻ റിപ്പോർട്ട് കിട്ടിയ ഇടങ്ങളിൽ പൊളിച്ചുമാറ്റൽ തുടങ്ങിയിട്ടുണ്ട്. പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ട് അൺ എയ്ഡഡ് സ്കൂളുകളിലെ മാനേജർമാർക്കും കത്ത് നൽകിയിട്ടുണ്ട്.