കല്ലുമലയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതി വരുന്നു
text_fieldsഈരാറ്റുപേട്ട: ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെന്ററായ കനാൻനാട് ജങ്ഷനിലെ കല്ലുമലയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് ജോസ്. കെ മാണി എം.പി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ടൂറിസംമന്ത്രിയുടെ നിർദേശപ്രകാരം വിദഗ്ധസംഘം പദ്ധതി പ്രദേശം സന്ദർശിച്ച് രൂപരേഖ തയാറാക്കി. ഇലവീഴാപൂഞ്ചിറയുടെ പ്രകൃതിഭംഗിയും സാഹസികതയും ഒരേപോലെ അസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള പദ്ധതികളാണു വരുന്നത്. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കനാൻ നാട് ജങ്ഷനിൽ മേലുകാവ് പഞ്ചായത്തുവക സ്ഥലത്ത് അമിനിറ്റി സെന്റർ നിർമാണത്തിന് എം.പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. മുനിയറ ഗുഹ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി കനാൻ നാട് ജങ്ഷലെ കനാൻതോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമിക്കാൻ നടപടി തുടങ്ങി.
സഞ്ചാരികളെ കൂടുതൽ ആകർഷിക്കുാൻ കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച് പൊതുഗതാഗതം ആരംഭിക്കും. ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ആതിര സണ്ണി, ജില്ല ടൂറിസം പ്രോജക്ട് എജീനിയർ കെ.എസ്. സിമിമോൾ, അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സി.ഒ ബിനു കുര്യക്കോസ്, ബ്ലോക്ക് അംഗം ജെറ്റോ ജോസ്, ഷീബാമോൾ ജോസഫ്, അനുരാഗ് പാണ്ടിക്കാട്ട്, അനൂപ് കെ. കുമാർ ടിറ്റോ തെക്കേൽ, അനിൽ പി.എസ് പൊട്ടംമുണ്ടയ്ക്കൽ എന്നിവർ വിദഗ്ധ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.