നിയമസഭ തെരഞ്ഞെടുപ്പ്; ആരു കെട്ടും ജയക്കോട്ട?
text_fieldsകോട്ടയം: ജില്ല ആസ്ഥാനത്തിന്‍റെ മേനിയിലും നാട്ടിൻപുറത്തിന്‍റെ ഗ്രാമീണത കോട്ട പോലെ കാക്കുന്നതാണു കോട്ടയം നിയോജക മണ്ഡലത്തിന്‍റെ സ്വഭാവം. ഒന്നര പതിറ്റാണ്ടായി അവിടെ ജനകീയതയുടെ കോട്ട കെട്ടി നിൽക്കുന്ന കേരള രാഷ്ട്രീയത്തിലെ തന്നെ അതികായനായ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ നാലാമങ്കത്തിൽ കൊമ്പ് കുത്തിക്കാനുറച്ചാണ് ജനകീയ, പരിസ്ഥിതി വിഷയങ്ങളിലെ മുന്നണി പോരാളിയും പ്രമുഖ ട്രേഡ് യൂനിയൻ നേതാവുമായ അഡ്വ. കെ. അനിൽ കുമാറിന്‍റെ പോരാട്ടം. ബി.ഡി.ജെ.എസിന്‍റെ പി.അനിൽകുമാറാണ് എൻ.ഡി.എ സ്ഥാനാർഥി.
പൊതുവെ ഇടതു ചാഞ്ഞു നിന്ന മണ്ഡലത്തെ വലത്തേക്കടുപ്പിക്കുകയും ഉറപ്പിച്ചു നിർത്തുകയും ചെയ്ത തിരുവഞ്ചൂർ 2011 ൽ ഇന്നത്തെ വി.എൻ വാസവന്‍റെ ജനകീയ പരിവേഷത്തിനെതിരെ 711 വോട്ടിന് കഷ്ടിച്ചു കടന്നുകൂടുകയായിരുന്നുവെങ്കിലും 2016ൽ 33,632 വോട്ടിന്‍റെ റെക്കോർഡ് ഭൂരിപക്ഷമാണു സ്വന്തമാക്കിയത്. കഴിഞ്ഞ തവണ അത് 18743 ആയി കുറയ്ക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് കെ. അനിൽകുമാറിന്‍റെ പോരാട്ടം. ഒപ്പം കഴിഞ്ഞ 10 വർഷം മണ്ഡലത്തിൽ കാര്യമായ വികസന നേട്ടം ഉണ്ടാക്കാൻ തിരുവഞ്ചൂരിനു കഴിഞ്ഞില്ലെന്ന കൊണ്ടുപിടിച്ച പ്രചാരണവും തുണയാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. മാറിയ കേരളം, മാറാത്ത കോട്ടയം എന്ന മുദ്രാവാക്യവുമായായിരുന്നു അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എൽ.ഡി.എഫ് വികസന സന്ദേശയാത്ര നയിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന ലീഡും കോട്ടയം നഗരസഭയും ഭൂരിപക്ഷം പഞ്ചായത്തുകളും ഒപ്പം നിന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ മുൻതൂക്കവും ആർക്കും വിളിപ്പാടകലെയുള്ള എം.എൽ.എ എന്ന പരിവേഷവും ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്തു കൊണ്ടുവന്ന നേട്ടങ്ങളും വൻ ഭൂരിപക്ഷം ഉറപ്പാക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ 8611ലേക്ക് ഇടിഞ്ഞ വോട്ട് വിഹിതം ഇത്തവണ മോദി പ്രഭയിൽ വിജയ മാർജിനിലേക്കു കുതിക്കുമെന്നാണ് എൻ.ഡി.എ സ്വപ്നം.
യു.ഡി.എഫ്: തിരുവഞ്ചൂർ രാധാകൃഷ്ണൻ (76)
മുൻ ആഭ്യന്തര, റവന്യു, ആരോഗ്യ, ഗതാഗത, ജലവിഭവ മന്ത്രി, ഏഴു തവണ എം.എൽ.എ. കെ.എസ്.യു-യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി, കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ
വാഗ്ദാനം
പത്തു വർഷമായി നിർത്തിവെച്ചിരിക്കുന്ന വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കും, കുടിവെള്ള-യാത്രാ പ്രശ്നം പരിഹരിക്കും വിവിധ സർക്കാർ വകുപ്പുകൾ വെട്ടിപ്പൊളിച്ച ചെറുകിട-ഇടത്തരം റോഡുകൾ നവീകരിക്കും, ചുങ്കത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ചു നവീകരിച്ച റോഡ് മാതൃകയിൽ മറ്റു പ്രളയബാധിത മേഖലകളിലെ റോഡും നന്നാക്കും, ഭൂരിപക്ഷ പ്രതീക്ഷ കഴിഞ്ഞ തവണത്തേക്കാൾ കൂടും. കുറഞ്ഞത് 20,000 ത്തിനു മേൽ.
എൽ.ഡി.എഫ്: അഡ്വ. കെ. അനിൽകുമാർ (62)
നിയമസഭയിലേക്ക് രണ്ടാം മത്സരം. സി.പി.എം സംസ്ഥാന സമിതി അംഗം, സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയുമായിരുന്നു.
വാഗ്ദാനം:
വേമ്പനാട്ടു കായലിലേക്കുള്ള എല്ലാ പുഴകളും തെളിച്ച് വെള്ളപ്പൊക്ക മുക്തമായ കോട്ടയം എന്ന ലക്ഷ്യം സാക്ഷാത്കരിക്കും, ചിങ്ങവനം, കഞ്ഞിക്കുഴി ബൈപാസുകളും എം.സി റോഡിനു സമാന്തരമായി നഗരത്തിൽ 5200 കോടിയുടെ കിഫ്ബി പദ്ധതിയായി നാലു വരി ബൈപാസും യാഥാർഥ്യമാക്കും, നെഹ്റു സ്റ്റേഡിയം പൊളിച്ചുപണിയും, കോട്ടയത്ത് ഐ.ടി ഹബ്, ഭൂരിപക്ഷ പ്രതീക്ഷ കൃത്യമായ കണക്കെടുപ്പ് ആകുന്നതേയുള്ളൂ. എങ്കിലും മികച്ച ഭൂരിപക്ഷം ഉറപ്പാണ്.
എൻ.ഡി.എ: പി. അനിൽ കുമാർ (57)
ബി.ഡി.ജെ.എസ് ജില്ല സംസ്ഥാന കൗൺസിൽ അംഗം. എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്‍റ് കോട്ടയം യൂണിയൻ പ്രസിഡന്‍റും സംസ്ഥാന വൈസ് ചെയർമാനുമായിരുന്നു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
വാഗ്ദാനം:
നഗരസഭയിൽ അടക്കം ഇടവഴികൾ പൊളിഞ്ഞു കിടക്കുകയാണ്. അവയെല്ലാം നന്നാക്കും, സംഭരണ താമസവും കൊയ്ത്ത് യന്ത്രം കിട്ടാത്തതുമടക്കം നെൽ കർഷകരൂടെ പ്രശ്നപരിഹാരത്തിന് ഊന്നൽ, ശുദ്ധജല വിതരണം കാര്യക്ഷമമാക്കും. കേന്ദ്ര സർക്കാറിന്‍റെ അമൃത് പദ്ധതി പ്രയോജനപ്പെടുത്തി നാട്ടകം, നട്ടാശ്ശേരി അടക്കം പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കും, ഭൂരിപക്ഷ പ്രതീക്ഷ 10,000 വോട്ടിനു മേൽ.
ലീഡ് നില
- 2021 നിയമസഭ യു.ഡി.എഫ്: 18743
- 2024 ലോക്സഭ യു.ഡി.എഫ്: 14840
- 2025 തദ്ദേശം യു.ഡി.എഫ്: 4489


