മൃഗാശുപത്രിയുടെ ഭൂമി കൈമാറ്റം നിയമവിരുദ്ധമെന്ന് ഓഡിറ്റ് വിഭാഗം
text_fieldsഈരാറ്റുപേട്ട: മൃഗാശുപത്രിയുടെ കൈവശമുണ്ടായിരുന്ന ഭൂമി റവന്യൂവകുപ്പ് ജുഡീഷ്യൽ വകുപ്പിന് കൈമാറിയത് നിയവിരുദ്ധമായെന്ന് അക്കൗണ്ട് ജനറൽ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. നഗരസഭയിൽ 2023 ജൂലൈയിലാണ് ഓഡിറ്റിങ് നടത്തിയത്. ജനകീയവികസന ഫോറത്തിന്റെ വിവരാവകാശ മറുപടിയിലാണ് ഈ വിവരം.
നഗരസഭക്ക് കിട്ടേണ്ട ഭൂമി തിരിച്ചുപിടിക്കാനോ പകരം ഭൂമി നേടിയെടുക്കാനോ നഗരസഭ അധികൃതർക്ക് രണ്ടു വർഷമായി കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഈരാറ്റുപേട്ട പഞ്ചായത്തായിരുന്ന 2005 കാലത്താണ് ഭൂമി കൈമാറ്റം നടത്തിയത്. 1994ൽ കേരള പഞ്ചായത്തീ രാജ് ആക്ട് നിലവിൽ വന്നതോടെ ഈരാറ്റുപേട്ട മൃഗാശുപത്രിയും അനുബന്ധ പന്നിഫാം സ്ഥിതിചെയ്തിരുന്ന സ്ഥലവും പഞ്ചായത്ത് നിയന്ത്രണത്തിലായി. ഈ ഭൂമി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുമുണ്ട്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്താണ് 2005ൽ ഈ സ്ഥലം കോടതിക്ക് കെട്ടിടം പണിയാൻ എൻ.ഒ.സി നൽകിയത്.
ബ്ലോക്ക് പഞ്ചായത്തുകൾ അന്ന് ഗ്രാമീണവകുപ്പിന്റെ കീഴിലായിരുന്നതിനാലാണ് ഇങ്ങനൊരു നടപടി സ്വീകരിച്ചത്. ഈ ഭൂമി കൈമാറ്റം നിയമവിരുദ്ധമായതിനാലാണ് അക്കൗണ്ട് ജനറൽ ഓഡിറ്റ് വിഭാഗം നഗരസഭയോട് വിശദീകരണം തേടിയത്. 2023ൽ ആവശ്യപ്പെട്ട കാര്യത്തിന് അക്കൗണ്ട് ജനറലിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. പഞ്ചായത്തിന് നഷ്ടപ്പെട്ട ഭൂമിക്ക് പകരമായി ടൗണിലെ മഞ്ചാടിത്തുരുത്തിലെ സർക്കാർ വക വസ്തുവിലെ 60 സെന്റ് ഭൂമി റവന്യൂ വകുപ്പിനോട് നഗരസഭ ആവശ്യപ്പെടണമായിരുന്നു. പകരം ഭൂമി അനുവദിച്ചില്ലെങ്കിൽ നഗരസഭക്ക് ഹൈകോടതിയെ സമീപിക്കാമായിരുന്നു.
പുറംമ്പോക്ക് ഭൂമിയിൽനിന്ന് സ്ഥലം ആവശ്യപ്പെട്ട കാര്യം ചൂണ്ടിക്കാണിച്ച് ജനകീയ വികസന ഫോറം പ്രസിഡന്റ് പൊന്തനാൽ ഷരീഫ് കഴിഞ്ഞവർഷം ആഗസ്റ്റിൽ നഗരസഭ സെക്രട്ടറിക്കും ചെയർപേഴ്സനും നിവേദനം നൽകിയിരുന്നു. ഇതിലും തുടർനടപടി ഉണ്ടായില്ല.
നിയമവിരുദ്ധമായി ഭൂമി കൈമാറാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരും അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുങ്ങുമെന്നതു കൊണ്ടാണ് നഗരസഭ കേസുമായി മുന്നോട്ട് പോകാതിരുന്നത് എന്നതും ചർച്ചാവിഷയമാണ്. രാഷ്ട്രീയ പാർട്ടികളും സംസ്കാരിക സംഘടനകളും പൊതുപരിപാടികൾ നടത്തുന്നത് ടൗണിലെ കടത്തിണ്ണകളിലാണ്. മഞ്ചാടിത്തുരുത്ത് നഗരസഭക്ക് ലഭിച്ചിരുന്നങ്കിൽ ഓപൺ ഓഡിറ്റോറിയം ഉൾപ്പെടെ കെട്ടിടങ്ങൾ പണിയാമായിരുന്നെന്നാണ് നാട്ടുകാരുടെ അവകാശവാദം.