ജോർജിന്റെ ‘നാവിൽ’ കുടുങ്ങി ബി.ജെ.പി
text_fieldsകോട്ടയം: ‘കണ്ടകശ്ശനി കൊണ്ടേപോകൂ’ എന്ന് പറയുന്നപോലൊരു ഗതിയിലാണ് ഇപ്പോൾ കേരളത്തിലെ ബി.ജെ.പി. പാർട്ടിയിലെത്തിയ പി.സി. ജോർജ് തുടരുന്ന മതവിദ്വേഷം ഉൾപ്പെടെ പ്രതികരണങ്ങളിൽ കുടുങ്ങിയിരിക്കുകയാണ് പാർട്ടി. ജോർജിന്റെ പ്രതികരണങ്ങളിൽ നേതാക്കൾ പലരും അതൃപ്തരാണ്. സംസ്ഥാനത്ത് ബി.ജെ.പിക്ക് മതേതരത്വ മുഖംകൊടുക്കാനും ക്രിസ്ത്യാനികളെ കൂടുതലായി പാർട്ടിയിലേക്ക് എത്തിക്കാനും പദ്ധതി ആവിഷ്കരിച്ച് പാർട്ടി മുന്നോട്ടുപോകുമ്പോൾ വർഗീയ പരാമർശങ്ങളിലൂടെ ജോർജ് അത് തകർക്കുകയാണെന്ന പക്ഷമാണ് ഒരുവിഭാഗം നേതാക്കൾക്ക്.
പി.സി. ജോർജാകട്ടെ എങ്ങനെയെങ്കിലും പാർട്ടിയിൽ ഉന്നതസ്ഥാനം ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ തുടരുകയുമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർഥിത്വം ഉൾപ്പെടെ സ്വപ്നംകണ്ട് സ്വന്തം പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിച്ച് എത്തിയതാണ് ജോർജ്. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകുകയായിരുന്നു ലക്ഷ്യം. അതിനായി, അതുവരെ വിമർശിച്ചിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെ ബി.ജെ.പി നേതാക്കളെ വാനോളം പ്രശംസിച്ചു. തന്റെ പഴയ നിയമസഭാ മണ്ഡലമായ പൂഞ്ഞാർ ഉൾപ്പെട്ട പത്തനംതിട്ട മണ്ഡലത്തിൽ താൻ നിന്നാൽ ബി.ജെ.പിക്ക് ജയം ഉറപ്പെന്ന നിലയിലുള്ള പരാമർശങ്ങളൊക്കെ നടത്തി നോക്കിയെങ്കിലും അതൊന്നും ക്ലച്ച് പിടിച്ചില്ല. ദേശീയനേതൃത്വം അനിൽ ആന്റണിയെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കിയതോടെ ദേഷ്യം പരസ്യമാക്കി ജോർജ് ബി.ജെ.പിക്ക് പ്രഹരം നൽകി.
ഈ തെരഞ്ഞെടുപ്പുവേളയിൽ മറ്റ് ചില പരാമർശങ്ങളും നടത്തി ബി.ജെ.പിയെ വെട്ടിലാക്കിയിട്ടുണ്ട്. അതിനിടയിൽ തന്റെ മുസ്ലിംവിരുദ്ധത പ്രകടമാക്കാനും കിട്ടുന്ന വേദികളെല്ലാം ഉപയോഗിച്ചു. പൂഞ്ഞാർ മണ്ഡലത്തിൽ ഉൾപ്പെട്ട ഈരാറ്റുപേട്ട പ്രദേശത്തെ മുസ്ലിംകളെ ഒന്നടങ്കം ഓൺലൈൻ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ അപഹസിക്കുക ശീലമാക്കി. അതിനൊടുവിലാണ് പാർട്ടിയുമായി അടുത്ത ബന്ധമുള്ള ചാനലിലെ പരിപാടിയിൽ പങ്കെടുക്കവെ, ഒരു മതവിഭാഗത്തെ അപ്പാടെ അപകീർത്തിപ്പെടുത്തിയത്. അതിനെതിരെ 14 പരാതി കിട്ടിയതിനെത്തുടർന്ന് കീഴടങ്ങലും അറസ്റ്റുമൊക്കെയുണ്ടായി.
എന്നാൽ, ആരോഗ്യ പ്രശ്നമെന്ന തുറുപ്പ് ശീട്ടിറക്കി ജയിലിൽ പോകുന്നതിൽനിന്ന് രക്ഷപ്പെടാനും ജാമ്യം ലഭിക്കാനും ജോർജിന് സാധിച്ചു. അതേസമയം, സംസ്ഥാന നേതാക്കളിൽ അധികമാരും ജോർജിനെ അന്നും പിന്തുണച്ച് എത്തിയില്ല. ഈ കേസിൽ കർശന നിബന്ധനകളോടെ കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ വിവാദ പരാമർശം നടത്തി ജോർജ് വീണ്ടും സ്വയം കുടുങ്ങുകയും ബി.ജെ.പിയെ കുടുക്കുകയും ചെയ്തിരിക്കുകയാണ്. ലഹരിവിരുദ്ധ സമ്മേളനത്തിൽപോയി പറഞ്ഞതിലേറെയും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള പരാമർശങ്ങളായിരുന്നു. അതുമായി ബന്ധപ്പെട്ട് വീണ്ടും പരാതികൾ പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിൽ കഴിഞ്ഞ കേസിൽ ലഭിച്ച ജാമ്യം റദ്ദാക്കണമെന്നത് ഉൾപ്പെടെ ആവശ്യവുമായി പൊലീസിന് കോടതിയെ സമീപിക്കാനാകും.
ഇപ്പോഴും ജോർജിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന നേതാക്കളിൽ അധികമാരും രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയം. ഇങ്ങനെ നിരന്തരം ജോർജ് വിവാദ പരാമർശങ്ങൾ നടത്തുന്നത് പാർട്ടിക്ക് ദോഷമേ ചെയ്യൂവെന്നാണ് ചില നേതാക്കൾ ‘മാധ്യമ’ത്തോട് പ്രതികരിച്ചത്. ജോർജിന്റെ ഇത്തരം പ്രതികരണങ്ങൾ ബി.ജെ.പിക്ക് ശത്രുക്കളെ സൃഷ്ടിക്കുക മാത്രമാണെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്.