ചങ്ങനാശ്ശേരി: സമവാക്യങ്ങൾ മാറ്റുന്ന ആസ്ഥാനം
text_fieldsചങ്ങനാശ്ശേരി: നാലു പതിറ്റാണ്ട് വലതിനൊപ്പം നിന്ന ചങ്ങനാശ്ശേരി നിയോജക മണ്ഡലം 2021-26ൽ കേരള കോൺഗ്രസ് എമ്മിലെ ജോബ് മൈക്കിളിലൂടെയാണ് ഇടതുപക്ഷം തിരിച്ചുപിടിച്ചത്. നായർ സർവിസ് സൊസൈറ്റിയും ചങ്ങനാശ്ശേരി അതിരൂപതയുമടക്കം രണ്ടു സമുദായങ്ങളുടെ ആസ്ഥാനമെന്നതിനൊപ്പം ഇതര സമുദായങ്ങള്‍ക്കും വേരോട്ടമുള്ള മണ്ഡലമാണ് ചങ്ങനാശ്ശേരി. മാറിമറിയുന്ന രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കിടയില്‍ വിജയത്തിന്റെ മധുരവും പരാജയത്തിന്റെ കയ്പുനീരും രുചിപ്പിച്ച രാഷ്ട്രീയസമവാക്യങ്ങള്‍ മാറ്റിമറിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്.
ചരിത്രത്തിന് വലതു ചായ്വ്
കേരളപ്പിറവിക്ക് മുമ്പ് തിരുക്കൊച്ചി നിയമസഭയുടെ ഭാഗമായിരുന്ന ചങ്ങനാശ്ശേരിയെ 1948ലും 1951ലും അഡ്വ. എം. കോരയും 1954-56 കാലത്ത് നായര്‍ സര്‍വിസ് സൊസൈറ്റി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. പരമേശ്വരപിള്ളയും പ്രതിനിധീകരിച്ചു. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ എ.എം. കല്യാണ കൃഷ്ണൻ നായര്‍ കോണ്‍ഗ്രസിലെ പി. രാഘവന് പിള്ളയെ പരാജയപ്പെടുത്തി കേരള നിയമസഭയിൽ ചങ്ങനാശ്ശേരിയുടെ ആദ്യ എം.എൽ.എയായി. 1960ല്‍ കല്യാണകൃഷ്ണന് നായരെ കോണ്‍ഗ്രസ് സ്ഥാനാർഥിയും എന്‍.എസ്.എസ് നേതാവുമായ എന്‍. ഭാസ്കരന് നായര്‍ പരാജയപ്പെടുത്തി. 1965ല്‍ സി.പി.ഐയുടെ കെ.ജി.എന്‍. നമ്പൂതിരിപ്പാടിനെ കേരള കോണ്‍ഗ്രസിലെ കെ.ജെ. ചാക്കോ വീഴ്ത്തി. 1967ല്‍ കെ.ജെ.ചാക്കോ കെ.ജി.എന്നിനോടു തോറ്റു. 1970ലും 77ലും ജയിച്ച കെ.ജെ.ചാക്കോ 77ൽ മന്ത്രിയുമായി. 1980ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായ കെ.ജെ.ചാക്കോ മാണി ഗ്രൂപ്പിലെ സി.എഫ്.തോമസിനോടു തോറ്റു. പിന്നീട് 82,87,91,96,2001,2006,2011, 2016 തെരഞ്ഞെടുപ്പുകളിൽ സി.എഫ് തുടർച്ചയായ ജയം നേടി. 2021 ൽ ജോബ് മൈക്കിൾ 6059 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യു.ഡി. എഫിലെ വി.ജെ. ലാലിയെ തോൽപ്പിച്ച് നാലു പതിറ്റാണ്ടിൻ്റെ യു.ഡി.എഫ് കുത്തക അവസാനിപ്പിക്കുകയായിരുന്നു.
തദ്ദേശത്തിൽ യു.ഡി.എഫ് മുൻതൂക്കം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരസഭയും കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളും ചേര്‍ന്നതാണ് ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം. വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകളും ചങ്ങനാശ്ശേരി നഗരസഭയും യു.ഡി.എഫ് ഭരണത്തിലാണ്.കുറിച്ചി, പായിപ്പാട് പഞ്ചായത്തുകൾ ഇടതിനൊപ്പവും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും മാടപ്പള്ളി , തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തുകളും ചങ്ങനാശ്ശേരി നഗരസഭയും യു.ഡി.എഫ് ഇടതിൽനിന്ന് തിരിച്ചുപിടിക്കുകയായിരുന്നു. ബി.ജെ.പിക്കും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. നഗരസഭയില്‍ എട്ടു സീറ്റ് നേടിയ പാർട്ടി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലും പ്രാതിനിധ്യം നേടി. പല വാര്‍ഡിലും രണ്ടാം സ്ഥാനത്തെത്താനും ബി.ജെ.പിക്കു കഴിഞ്ഞു.
സ്ഥാനാർഥി സാധ്യത
എൽ.ഡി.എഫിൽ സിറ്റിങ് എം.എൽ.എ കേരള കോൺഗ്രസ് എമ്മിലെ ജോബ് മൈക്കിൾ തന്നെയാണ് ഇത്തവണയും മത്സര രംഗത്ത്. യു.ഡി. എഫിൽ കേരള കോൺഗ്രസ് ജോസഫിലെ വി. ജെ ലാലിയുടെയും എൻ.ഡി.എയിൽ ബി.ജെ. പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണ മോനോൻ്റെയും പേരാണ് ഉയർന്നുകേൾക്കുന്നത്.
നേട്ടങ്ങൾ
നിയോജക മണ്ഡലത്തിൽ 1000 കോടിയുടെ വികസന പ്രവർത്തനം നടന്നുവരികയാണ്. അഞ്ചു കോടി മുടക്കി ചങ്ങനാശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ പൂർത്തീകരിച്ചു. ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ അത്യാധുനിക നിലവാരത്തിൽ നിർമാണ പ്രവൃത്തി നടന്നുവരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 10 കോടി മുടക്കി പെരുന്നയിൽ 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിന്റെയും വാട്ടർ അതോറിട്ടി ഓഫിസ് സമുച്ചയത്തിന്റെയും നിർമാണം പൂർത്തീകരിച്ചു. 650 കോടി മുടക്കി അഞ്ചു പഞ്ചായത്തിലും നഗരസഭയിലും കുടിവെള്ള പദ്ധതികൾ കൊണ്ടുവന്നു. പ്രവൃത്തികൾ 78 ശതമാനവും പൂർത്തീകരിച്ചു. 80.41 കോടി മുടക്കി നാലു നിലകളിൽ അത്യാധുനിക ജനറൽ ആശുപത്രി കെട്ടിടം നിർമാണം പുരോഗമിക്കുന്നു. ചങ്ങനാശ്ശേരി എക്സൈസ് ഓഫിസ്, ഡിവൈ.എസ്.പി ഓഫിസ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, മാടപ്പള്ളി ഗവ. എൽ.പി സ്കൂൾ കെട്ടിടങ്ങൾ അത്യാധുനിക നിലവാരത്തിൽ പൂർത്തീകരിച്ചു.
90 കോടി മുടക്കി റെയിൽവേ ജങ്ഷനിലെ ഫ്ലൈഓവർ നിർമാണത്തിന് ഭൂമി ഏറ്റെടുത്തു. നിർമാണോദ്ഘാടനവും കഴിഞ്ഞു. 42 കോടി മുടക്കി കെ.സി. പാലം പുതിയ പാലം നിർമാണത്തിന് ടെൻഡർ ആവുന്നു.
ജോബ് മൈക്കിൾ എം.എൽ.എ
കോട്ടങ്ങൾ
തൃക്കൊടിത്താനം പഞ്ചായത്തിലെ അമര, പായിപ്പാട് പഞ്ചായത്തിലെ മച്ചിപ്പള്ളി പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിച്ചിട്ടില്ല. 10 വർഷക്ക് മുമ്പ് സർക്കാർ അനുവദിച്ച പണം ഉപയോഗിച്ച് പൂവം പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിക്കാൻ സാധിച്ചിട്ടില്ല. ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപിങ് കോംപ്ലക്സ് നിർമാണം പൂർത്തീകരിച്ചിട്ടില്ല. കോട്ടയത്ത് നടന്ന ജനസമ്പർക്ക പരിപാടിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ച ചങ്ങനാശ്ശേരി റെയിൽവേ ജങ്ഷനിലെ ഫ്ലൈ ഓവർ നിർമാണം എങ്ങുമെത്തിയില്ല. ചങ്ങനാശ്ശേരി മാർക്കറ്റിന് ദോഷകരമായി നിൽക്കുന്ന കെ.സി പാലം പൊളിച്ചു പണിയാൻ സാധിച്ചിട്ടില്ല.
മാത്തുക്കുട്ടി പ്ലാത്താനം, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ
ഇവര്‍ വിജയികള്‍
1957 എ.എം. കല്യാണകൃഷ്ണന് നായര്‍ (സി.പി.ഐ) 2846
1960 എന്‍. ഭാസ്ക്കരന്‍ നായര്‍ (ഐ.എന്‍.സി) 9393
1965 കെ.ജെ. ചാക്കോ (കേരള കോണ്‍) 4241
1967 കെ.ജി. എന്‍ നമ്പൂതിരിപ്പാട് (സി.പി.ഐ) 5925
1970 കെ.ജെ. ചാക്കോ (കേരള കോണ്‍ഗ്രസ്) 3817
1977 കെ.ജെ. ചാക്കോ (കേരള കോണ്‍ഗ്രസ്) 12479
1980 സി.എഫ്. തോമസ് (കേരള കോണ്‍-എം) 2633
1982 സി.എഫ്. തോമസ് (കേരള കോണ്‍-എം) 10062
1987 സി.എഫ്. തോമസ് (കേരള കോണ്‍-എം) 10615
1991 സി.എഫ്. തോമസ് (കേരള കോണ്‍-എം) 11777
1996 സി.എഫ്. തോമസ് (കേരള കോണ്‍-എം) 7602
2001 സി.എഫ്. തോമസ് (കേരള കോണ്‍-എം) 13041
2006 സി.എഫ്. തോമസ് (കേരള കോണ്‍-എം) 9653
2011 സി.എഫ്.തോമസ് (കേരള കോണ്‍-എം) 2554
2016 സി.എഫ്. തോമസ് (കേരള കോണ്‍-എം) 1849
2021 ജോബ് മൈക്കിൾ (കേരള കോൺ-എം) 6059


