കണ്ടെയ്നർ ലോറിക്ക് വഴിതെറ്റി; വൈദ്യുതി കേബിളുകൾ പൊട്ടിവീണു
text_fieldsചങ്ങനാശ്ശേരി എം.സി റോഡിൽ പെരുന്നയിൽനിന്ന് പുഴവാത് ഇടറോഡിൽ ഹിദായത്ത് നഗറിലൂടെ 200 മീറ്റർ ഓളം ദൂരത്തിൽ കണ്ടെയ്നർ ലോറി ഓടിച്ചുകയറ്റിയ നിലയിൽ
ചങ്ങനാശ്ശേരി: വാഹനം കയറ്റിവന്ന കണ്ടെയ്നർ ലോറിക്ക് വഴിതെറ്റി വൈദ്യുതി, ഇന്റർനെറ്റ് കേബിളുകൾ പൊട്ടിവീണു. കെ.എസ്.ഇ.ബിയുടെ സമയോചിത ഇടപെടലിൽ വലിയ അപകടം ഒഴിവായി. തിങ്കളാഴ്ച പുലർച്ച ഒന്നോടെ ചേതക് കമ്പനിയുടെ വെഹിക്കിൾ കയറ്റി വന്ന കണ്ടെയ്നർ ലോറിയുടെ ഡ്രൈവറിന് വഴിതെറ്റി റെസിഡൻസ് ഏരിയയിലെ 30 ഓളം കെ.എസ്ഇ.ബിയുടെ സർവിസുകൾ, ബി.എസ്.എൻ.എൽ, ഏഷ്യാനെറ്റ്, എയർടെൽ, എ.സി.വി, കെ.സി.വി എന്നിവയുടെ നിരവധി കേബിൾ കണക്ഷനുകളും ഇന്റർനെറ്റ് സംവിധാനവുമാണ് താറുമാറായത്.
ചങ്ങനാശ്ശേരി എം.സി റോഡിൽ പെരുന്നയിൽനിന്ന് പുഴവാത് ഇടറോഡിൽ ഹിദായത്ത് നഗറിലൂടെ 200 മീറ്റർ ഓളം ദൂരത്തിലാണ് കണ്ടെയ്നർ ലോറി ഓടിച്ചുകയറ്റിയത്. ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റിയതാണെന്നു പറയുന്നു. കണ്ടെയ്നർ ലോറിയുടെ ഉയരം കൂടിയ മുകൾ ഭാഗത്ത് റോഡിന് കുറുകെയുള്ള സ്ട്രീറ്റ് ലൈൻ കമ്പികൾ കൂട്ടിമുട്ടി വൈദ്യുതി ബന്ധം വിച്ഛേദിച്ചതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ കെ.എസ്ഇ.ബി ചങ്ങനാശ്ശേരി ഡിവിഷൻ എ.ഇ മനോജ്, സബ് എൻജിനീയർ ഷിനോ എന്നിവരുടെ നേതൃത്വത്തിൽ 11 അംഗ ജീവനക്കാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വൈകുന്നേരം നാലോടെ വൈദ്യുതി ബന്ധവും കേബിൾ കണക്ഷനുകളും പുനഃസ്ഥാപിച്ചത്.


