എം.ജി. യൂനിവേഴ്സിറ്റി സൈക്ലിങ് ചാമ്പ്യൻഷിപ്പ്: അസംപ്ഷൻ കോളജിന് കിരീടം
text_fieldsഎം.ജി. യൂനിവേഴ്സിറ്റി സൈക്ലിങ് ചാമ്പ്യൻഷിപിൽ വനിത
വിഭാഗത്തിൽ കിരീടം നേടിയ അസംപ്ഷൻ കോളജ് ടീം
ചങ്ങനാശ്ശേരി: എം.ജി സർവകലാശാല ഇന്റർകോളജിയേറ്റ് സൈക്ലിങ് ചാമ്പ്യൻഷിപിൽ വനിത വിഭാഗത്തിൽ അസംപ്ഷൻ കോളജ് ചാമ്പ്യന്മാരായി. 41 പോയന്റുകൾ നേടിയാണ് അസംപ്ഷൻ കോളജ് വനിത ടീം കിരീടം സ്വന്തമാക്കിയത്.
ഏഴു വ്യക്തിഗത ഇനങ്ങളിലും രണ്ട് ടീം ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽനിന്ന് അഞ്ചു സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കല മെഡലുകളാണ് ലഭിച്ചത്. ബി.എ. ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിനിയായ വി.എസ്. സഞ്ജന അതുല്യ പ്രകടനമാണ് കാഴ്ചവെച്ചത്. 200 മീറ്റർ സ്പ്രിന്റ്, കെയ്റിൻ റേസ്, ടീം സ്പ്രിന്റ്, 3000 മീറ്റർ ടീം പേഴ്സ്യൂട്ട് എന്നീ ഇനങ്ങളിൽ നാലു സ്വർണമെഡലുകൾ നേടിയാണ് സഞ്ജന താരമായത്.
അഞ്ജന റോസ് മേരി 500 മീറ്റർ ടൈം ട്രയൽ, ടീം സ്പ്രിന്റ്, 3000 മീറ്റർ ടീം പേഴ്സ്യൂട്ട് ഇനങ്ങളിൽ മൂന്ന് സ്വർണമെഡലുകളും പോയിന്റ് റേസ് ഇനത്തിൽ ഒരു വെങ്കലമെഡലും നേടി. അലീന രാജൻ 3000 മീറ്റർ ടീം പേഴ്സ്യൂട്ട് ഇനത്തിൽ സ്വർണമെഡലും 3000 മീറ്റർ വ്യക്തിഗത പേഴ്സ്യൂട്ട് ഇനത്തിൽ വെള്ളിമെഡലും സ്വന്തമാക്കി.
ആര്യനന്ദ സി. ബിനു ടീം സ്പ്രിന്റ്, 3000 മീറ്റർ ടീം പേഴ്സ്യൂട്ട് ഇനങ്ങളിലുമായി സ്വർണമെഡലുകൾ നേടി. ടീമിന്റെ വിജയത്തിൽ നിർണായക സംഭാവന നൽകി. എയിഞ്ചൽ ജെയിംസ് 500 മീറ്റർ ടൈം ട്രയലിലും കെയ്റിൻ റേസ് ഇനങ്ങളിലുമായി രണ്ട് വെങ്കലമെഡലുകൾ നേടി. തുടർച്ചയായ മൂന്നാം വർഷവമാണ് അസംപ്ഷൻ ചാമ്പ്യന്മാരായത്.


