ചങ്ങനാശ്ശേരി ജനറൽ ആശുപത്രി 80 കോടിയുടെ നവീകരണം
text_fieldsചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ 80 കോടി മുടക്കി പണി കഴിപ്പിക്കുന്ന പുതിയ കെട്ടിടത്തിന്റെ രൂപരേഖ
ചങ്ങനാശ്ശേരി: ജനറൽ ആശുപത്രിയിലെ 80 കോടിയുടെ പുതിയ കെട്ടിട നിർമാണ ഉദ്ഘാടനം ആഗസ്റ്റ് 16 രാവിലെ 9.30ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. കിഫ്ബി മുഖാന്തിരം 80 കോടി മുടക്കിയാണ് ആശുപത്രി നവീകരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഏകദേശം 54.87 കോടി ഉപയോഗിച്ച് അഞ്ച് നിലകളിലാണ് പുതിയ കെട്ടിടം വരുന്നത്.
അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തിയറ്ററും കീമോതെറപ്പി, ഡയാലിസിസ്, ഓർത്തോ, നേത്രരോഗം, സർജിക്കൽ, മെഡിസിൻ, ഇ.എൻ.ടി, ത്വക് രോഗം തുടങ്ങിയ വിഭാഗങ്ങളും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഡ്യൂട്ടി മുറികളും രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള മുറികളും വയോജന ശിശു സൗഹൃദ മുറികളും ഭിന്നശേഷി സൗഹൃദ സജ്ജീകരണങ്ങളും പൊലീസ് എയ്ഡ് പോസ്റ്റും സി.ടി സ്കാൻ, ഫാർമസി, റേഡിയോളജി, എക്സ് റേ, ടോയ്ലറ്റ് കെട്ടിടങ്ങൾ, സർജിക്കൽ വാർഡുകൾ, വിശ്രമ മുറികൾ, പാൻട്രി, ഐസൊലേഷൻ റൂം, പ്ലാസ്മ സ്റ്റോർ റൂം, കൗൺസലിങ് റൂം, ലിഫ്റ്റ് സംവിധാനം തുടങ്ങി അത്യാധുനിക നിലവാരത്തിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയും ഉള്ള കെട്ടിടവും ആണ് ചങ്ങനാശ്ശേരിക്ക് ലഭിച്ചിരിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു. ബാക്കി ഉള്ള 26 കോടി ഉപയോഗിച്ച് അത്യാധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും ഏർപ്പെടുത്തും.