കുറിച്ചിയിൽ ചുഴലിക്കാറ്റിൽ ഏഴ് വീടിന് നാശനഷ്ടം
text_fieldsകുറിച്ചിയിൽ ചുഴലിക്കാറ്റിൽ നാശനഷ്ടം ഉണ്ടായ പ്രദേശം ജോബ് മൈക്കിൾ എം.എൽ.എ സന്ദർശിക്കുന്നു
ചങ്ങനാശ്ശേരി: കുറിച്ചിയിൽ കനത്ത കാറ്റിലും മഴയിലും വീടുകൾക്ക് നാശഷ്ടം. ശനിയാഴ്ച വൈകlട്ട് പഞ്ചായത്തിലെ ഒന്നാം വാർഡില്‍ പാട്ടാശേരിയിലാണ് വ്യാപക നാശമുണ്ടായത്. മരം കടപുഴകി ഏഴ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പുത്തൻചിറ ശങ്കുകുമാരന്, കൊച്ചുപാടാശേരി പൊന്നപ്പൻ കൊച്ചുപാടാശേരി സൈനമ്മ പ്രിയേഷ്, കാക്കാംപറമ്പിൽ സുശീല ഷാജി, പുലിത്തുരുത്തി സുകുമാരൻ നാരായണൻ, പടിഞ്ഞാറെ ചിറത്തറ ഓമനക്കൃഷ്ണന് എന്നിവരുടെ വീടുകൾക്കാണ് ഭാഗികമായ നാശനഷ്ടമുണ്ടായത്. പല വീടുകളുടെയും ഓടും ഷീറ്റും പറന്നു പോയി. രണ്ട് മണിക്കൂറോളം കനത്ത മഴ പെയ്തു. ഇതിനിടയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചങ്ങനാശ്ശേരി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ മരങ്ങൾ മുറിച്ചു നീക്കി.
അഞ്ചലശ്ശേരി, പാട്ടാശ്ശേരി ഭാഗങ്ങളിൽ ജോബ് മൈക്കിൾ എം.എൽ.എ സന്ദർശനം നടത്തി. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയറുമായി ബന്ധപ്പെട്ട് വൈദ്യുത കണക്ഷൻ പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അദ്ദേഹം നിർദേശം നൽകി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, വാർഡംഗം പൊന്നമ്മ സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ഷാജി എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.


