നാട് വാണ് തെരുവുനായ്ക്കൾ
text_fieldsചങ്ങനാശ്ശേരി: നഗര, ഗ്രാമ പ്രദേശങ്ങളില്‍ തെരുവുനായ് ശല്യം വീണ്ടും രൂക്ഷമാകുന്നു. ചങ്ങനാശ്ശേരി ബൈപാസ്, ജനറല്‍ ആശുപത്രി, ടി.ബി റോഡ്, മാര്‍ക്കറ്റ്, വെട്ടിത്തുരുത്ത്, പറാല്‍, പാറേല്‍പള്ളി, വലിയകുളം, എസ്റ്റേറ്റ്പടി, മാമ്മൂട്, മാടപ്പള്ളി, തുടങ്ങിയ പ്രദേശങ്ങളിലും തെരുവുനായ ജനങ്ങളുടെ സ്വൈര ജീവിതത്തിനു തടസ്സമാകുന്നു.
ചങ്ങനാശ്ശേരി ജനറൽ ആശുപത്രി പരിസരങ്ങളിൽ രോഗികൾ തെരുവ് നായകളുടെ ആക്രമണ ഭീഷണിയിലാണ്. ഇരു ചക്ര വാഹനങ്ങള്‍ക്കു പിന്നാലെ ഓടി വാഹനത്തില്‍ ഇരിക്കുന്നവരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്കു കുറുകെ ചാടുന്നതും മൂലം അപകടം ഉണ്ടാകുന്നതായും പരാതികളേറെയാണ്. പ്രഭാത സവാരിക്കാരും വിദ്യാർഥികളും ഭയന്നാണ് യാത്ര ചെയ്യുന്നത്. നഗരത്തിലെ തെരുവു നായ്ക്കളെ പിടിച്ച് മൃഗാശുപത്രിയിലെത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി തിരികെ വിടുന്നതിനും ഇതിനുള്ള ശസ്ത്രക്രീയ നടത്തുന്നതിനുമായി ആധുനിക രീതിയിലുള്ള ഓപറേഷന് തീയറ്റർ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും വന്ധ്യംകരണ ശസ്ത്രക്രിയ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇടക്കാലത്ത് തെരുവുനായ ശല്യം കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ കൂടിയിരിക്കുകയാണെന്ന് രാവിലെയും വൈകിട്ടുമുള്ള നടപ്പുകാരും വഴിയാത്രക്കാരും പറയുന്നു. 2016 ൽ നായ്ക്കളുടെ ശസ്ത്രക്രിയയ്ക്കടക്കം ലക്ഷങ്ങൾ ചെലവഴിച്ച് വിശാലമായ സൗകര്യങ്ങള്‍ പെരുന്ന മൃഗാശുപത്രിയില്‍ ഒരുക്കിയിരുന്നു. തുടക്കത്തിൽ ആവേശത്തോടെ ആരംഭിച്ച പദ്ധതിക്ക് അകാലചരമവുമായി. നഗരസഭാ പരിധിയിലെ വളര്‍ത്തു നായ്ക്കള്‍ക്ക് ചിപ്പ് ഘടിപ്പിച്ച് രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.


