105 ജീവൻ രക്ഷിച്ച നായകൻ ഇനി ഓർമയിൽ
text_fieldsടി.ജെ .കരിമ്പനാൽ (അപ്പച്ചൻ )
കാഞ്ഞിരപ്പള്ളി: മനക്കരുത്തിന് കാഞ്ഞിരപ്പള്ളിക്കാർ വിളിച്ചിരുന്ന പേര് അപ്പച്ചൻ എന്നായിരുന്നു. 39 വർഷം മുമ്പ് 105 പേരുടെ ജീവൻ സാഹസികമായി രക്ഷിച്ച ടി.ജെ. കരിമ്പനാൽ (അപ്പച്ചൻ) എന്ന നാടിന്റെ വീരനായകൻ ഇനി ഓർമകളിൽ മാത്രം. 1986 നവംബറിലാണ് സ്വന്തം ജീപ്പ് ഉപയോഗിച്ച് ബസിലുണ്ടായിരുന്ന അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച സാഹസികത നിറഞ്ഞ ആ സംഭവം. പ്ലാന്ററായിരുന്ന ടി.ജെ. കരിമ്പനാൽ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്ന് കാഞ്ഞിരപ്പള്ളിയിലേക്കു വരികയായിരുന്നു.
മിലിറ്ററിയിൽനിന്നു ലേലത്തിൽ വാങ്ങിയ കെ.ആർ.കെ 5475 ജീപ്പ് ഓടിച്ചു വരുന്നതിനിടെ കെ.കെ റോഡിൽ മരുതുംമൂടിനു മുകൾ ഭാഗത്തെ വളവു തിരഞ്ഞപ്പോൾ മുന്നിൽ പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്നു ശബരിമല തീർഥാടകരുടെ നിലവിളി കേട്ടു.
ബസിന്റെ ബ്രേക്ക് പോയതാണെന്നു അപ്പച്ചന് മനസ്സിലായി. ഗിയർ ഡൗൺ ചെയ്തും കല്ലുകളുടെ മുകളിൽ കയറ്റിയുമൊക്കെ ബസ് നിർത്താൻ ഡ്രൈവർ കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കരാട്ടെ ബ്രൗൺ ബെൽറ്റുമുണ്ടായിരുന്ന അപ്പച്ചൻ ജീപ്പ് ബസിനു മുന്നിൽ കയറ്റിയ ശേഷം ഫോർ വീൽ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു ബസിന്റെ മുൻഭാഗം ജീപ്പിന്റെ പിന്നിൽ ഇടിക്കാൻ അവസരം കൊടുക്കുകയായിരുന്നു.
പിന്നിൽ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്ത് നിർത്തി. ഇതോടെ കുമളിയിൽനിന്ന് എരുമേലിയിലേക്കു തീർഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസിലുണ്ടായിരുന്ന ശബരിമല തീർഥാടകർ കൊക്കയിലേക്ക് പതിക്കാതെ വലിയ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. ബസിൽ ഉണ്ടായിരുന്ന തീർഥാടകർ പറഞ്ഞത് തങ്ങളെ രക്ഷിക്കാൻ അയ്യപ്പസ്വാമി എത്തി എന്നാണ്.
തിരുവനന്തപുരം സി.ഇ.ടി കോളജിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് പഠനം കഴിഞ്ഞ് ടി.ജെ. കരിമ്പനാൽ ജർമനിയിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. സഹോദരനുണ്ടായ അപകടത്തെ തുടർന്ന് നാട്ടിലേക്ക് തിരികെ വന്നു പ്ലാന്റേഷൻ മേഖലയിൽ സജീവമായി.
ആയോധന കലയായ കരാട്ടെക്ക് കാഞ്ഞിരപ്പള്ളിയിൽ തുടക്കം കുറിക്കുന്നതിന് കാരണക്കാരനായതും അപ്പച്ചനാണ്. 1979 ൽ കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബിൽ യൂത്ത് ആക്ടിവിറ്റിയുടെ ഭാഗമായി മലേഷ്യക്കാരനായ സെൻസായി കുപ്പു സ്വാമിയെ കൊണ്ടുവന്ന് തുടക്കം കുറിച്ച കരാട്ടെ ട്രെയിനിങ് ക്ലാസ്സ് 46ാം വർഷത്തിലും അതേ സ്ഥലത്ത് ഇന്നും തുടരുന്നു. 1992 വരെ സീനിയർ ബ്രൗൺ ബെൽറ്റ് ആയിരുന്ന ടി.ജെ കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബിൽ കരാട്ടെ ക്ലാസിൽ മുടങ്ങാതെ പങ്കെടുത്തിരുന്നു. 87കാരനായ അപ്പച്ചന്റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടിലെ ചടങ്ങുകൾക്കു ശേഷം സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.
ഭാര്യ: അന്നമ്മ (പുളിങ്കുന്ന് കാഞ്ഞിരക്കൽ കുടുംബാംഗം). മക്കൾ: അന്ന സെബാസ്റ്റ്യൻ, കെ..ജെ. തൊമ്മൻ, മാത്യു.സി. അലക്സ്, കെ.ജെ. മാത്യു, കെ.ജെ. എബ്രഹാം, ഡോ. മറിയ. മരുമക്കൾ: ദേവസ്യാച്ചൻ മറ്റത്തിൽ (പാലാ), അലക്സ് ഞാവള്ളി (ബംഗളൂരു), റോസ് മേരി (ആനത്താനം, കാഞ്ഞിരപ്പള്ളി, ), ദീപ (മുണ്ടക്കോട്ടക്കൽ റാന്നി,, ഡോ. ജെയിംസ് മൂലേശേരി (കാവാലം).