ജില്ല ജയിൽ; കമ്പിവേലി പോരാ ഷീറ്റിട്ട് മറയ്ക്കാൻ നിർദേശം
text_fieldsകോട്ടയം: ജില്ല ജയിലിന് കമ്പിവേലിയുടെ സുരക്ഷ മതിയാകില്ലെന്നും ഷീറ്റിട്ട് മറയ്ക്കാനും നിർദേശം. കണ്ണൂരിൽ ഗോവിന്ദച്ചാമി ജയിൽ ചാടിയ പശ്ചാത്തലത്തിലാണ് കോട്ടയം ജയിലിനും സുരക്ഷ വർധിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയത്. നിലവിലെ കമ്പിവേലി മറച്ച് ഒരു മീറ്റർ ഉയരത്തിൽ ഷീറ്റിടണം. ഇതിനായി കഴിഞ്ഞ ദിവസം എസ്റ്റിമേറ്റ് എടുത്തു. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നതിനു പുറമെ ജയിലിന്റെ ചുറ്റുമതിലിന് ഉയരം കുറവായതും ജീവനക്കാർക്ക് തലവേദനയാണ്.
ജൂണിലാണ് മതിൽ ചാടി കമ്പിവേലിക്കിടയിലൂടെ ഊർന്ന് മൊബൈൽ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടത്. 20 ദിവസത്തെ തിരച്ചിലിനൊടുവിൽ അസമിൽനിന്നാണ് ഇയാളെ പിടികൂടിയത്. 2022ൽ കൊലക്കേസ് പ്രതിയും മതിൽ ചാടി രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകൾക്കകം അയാളെ പിടികൂടാനായി. തുടർന്ന് അന്വേഷണത്തിനെത്തിയ ഡി.ഐ.ജി മതിലിന്റെ ഉയരം കൂട്ടാൻ നിർദേശം നൽകി. ഇതിന് പണം അനുവദിക്കുകയും ചെയ്തു. 12 അടിയാണ് മതിലിന്റെ ഉയരം.
രണ്ടടി കൂടി കൂട്ടാനായിരുന്നു നിർദേശം. എന്നാൽ, പൊതുമരാമത്ത് വിഭാഗം പരിശോധന നടത്തിയപ്പോൾ മതിലിന് ഉറപ്പ് കുറവാണെന്നും ഉയരം കൂട്ടാനാവില്ലെന്നും റിപ്പോർട്ട് നൽകി. ഇതോടെയാണ് മതിലിനു മുകളിൽ കമ്പിവേലി സ്ഥാപിച്ചത്. 30 സെന്റിമീറ്റർ കട്ടിയിൽ കോൺക്രീറ്റിട്ട് അതിനു മുകളിൽ കമ്പിവേലി വെച്ചത് കഴിഞ്ഞ വർഷമാണ്.
ഈ കമ്പിവേലികൾക്കടിയിലൂടെയാണ് മോഷണക്കേസ് പ്രതി കടന്നത്. 66 വർഷം പഴക്കമുള്ള ജയിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. 1959ൽ സബ്ജയിലായി തുടങ്ങി 2000ത്തിലാണ് ജില്ല ജയിലായി ഉയർത്തിയത്. നഗരമധ്യത്തിൽ 55 സെന്റ് സ്ഥലത്താണ് ജയിൽ സ്ഥിതി ചെയ്യുന്നത്.
കൂടുതൽ സൗകര്യമുള്ള സ്ഥലത്തേക്ക് ജയിൽ മാറ്റാൻ ആലോചന തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും പകരം സ്ഥലം കണ്ടുപിടിക്കാനായിട്ടില്ല. മണിമലയിലെ റബർബോർഡിന്റെ ഭൂമിയും നാട്ടകം സിമന്റ്സിന്റെ ഭൂമിയും ചിങ്ങവനം ടെസിലിന്റെ ഭൂമിയും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായില്ല.
തടവുകാർ മൂന്നിരട്ടി; 67 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിലാണ് 125 പേരെ ഉൾക്കൊള്ളിച്ചിട്ടുള്ളത്
കോട്ടയം: ജില്ല ജയിൽ, പാലാ, പൊൻകുന്നം സബ്ജയിലുകൾ എന്നിവിടങ്ങളിലായി 113 പേരെ പാർപ്പിക്കാനാണ് സൗകര്യമുള്ളത്. എന്നാൽ, മൂന്ന് ജയിലുകളിലുമായി ഉള്ളത് 236 പേരാണ്. ജില്ല ജയിലിൽ സൂപ്രണ്ടടക്കം 28 ഉദ്യോഗസ്ഥരുണ്ട്. തടവുകാരുടെ എണ്ണം 125 ആണ്- ജീവനക്കാരുടെ മൂന്നിരട്ടി എണ്ണം. 67 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിലാണ് 125 പേരെ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇവരിൽ 11 പേർ സ്ത്രീകളാണ്. പൊൻകുന്നം സ്പെഷൽ സബ് ജയിലിൽ 85 പേരുണ്ട്. 26 പേരെ പാർപ്പിക്കാനാണ് സൗകര്യമുള്ളത്. ഇവിടെ വനിത തടവുകാരില്ല. 20 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള പാലാ സബ് ജയിലിൽ 26 തടവുകാരുണ്ട്.