ഇല്ലിക്കൽകല്ലിൽ വിദഗ്ധ സംഘം പരിശോധന നടത്തി; ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും
text_fieldsഇല്ലിക്കൽകല്ല്
ഈരാറ്റുപേട്ട: ഇല്ലിക്കൽകല്ലിലെ കുടക്കല്ല് അപകടാവസ്ഥയിലാണെന്ന പരാതിയെ തുടർന്ന് വിദഗ്ധ സംഘം മേഖലയിൽ പരിശോധന നടത്തി. കലക്ടർ ചേതൻകുമാർ മീണയുടെ നിർദേശപ്രകാരം പാലാ ആർ.ഡി.ഒ, തഹസിൽദാർ, ജില്ല സോയിൽ കൺസർവേഷൻ ഓഫിസർ, ജില്ല ജിയോളജിസ്റ്റ്, എം.ജി യൂനിവേഴ്സിറ്റി വിദഗ്ധ സംഘം, വില്ലേജ് ഓഫിസർ, ടൂറിസം വകുപ്പ് അധികൃതർ, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരടങ്ങിയ സംഘമാണ് ഇല്ലിക്കൽക്കല്ലിലെത്തിയത്.
പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കാലപ്പഴക്കം മൂലം ഉണ്ടാകുന്ന വിള്ളലുകളാണെന്നും സംഘം അറിയിച്ചു. നിലവിലെ വിള്ളലുകൾ വലിയ അപകട അവസ്ഥയല്ലെന്നും ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും സംഘം വിലയിരുത്തി. പരിശോധനക്കെത്തിയ വകുപ്പുകൾ അവരുടെ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കും.
ടൂറിസത്തെ തകർക്കാനുള്ള ശ്രമം -പഞ്ചായത്ത് പ്രസിഡന്റ്
ഈരാറ്റുപേട്ട: മൂന്നിലവ് പഞ്ചായത്തിലെ ഇല്ലിക്കൽക്കല്ല് ടൂറിസം മേഖലയിൽ വലിയ കുതിപ്പുണ്ടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സഞ്ചാരികൾ മൂന്നിലവ് എന്ന കൊച്ചുഗ്രാമത്തിലേക്ക് എത്തുന്നുണ്ട്. ആ ടൂറിസത്തെ നശിപ്പിക്കാൻ ആരെങ്കിലും മനഃപൂർവം ഇല്ലിക്കൽക്കല്ല് അപകടാവസ്ഥയിലാണെന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നതാണോയെന്ന് സംശയിക്കുന്നതായും ചാർലി ഐസക് പറഞ്ഞു.