കോച്ചിങ് മികവിൽ ജേക്കബ് ജോസഫിന് അവാർഡ് നിറവ്
text_fieldsജേക്കബ് ജോസഫ്
ഈരാറ്റുപേട്ട: 2024-25 വർഷത്തെ കേരളത്തിലെ മികച്ച പരിശീലകനുള്ള ജി.വി രാജ അവാർഡ് സ്പോർട്സ് കൗൺസിൽ പരിശീലകനും സെന്റ് ജോർജ് കോളജ് സ്പോർട്സ് അക്കാദമി വോളിബാൾ കോച്ചുമായ ജേക്കബ് ജോസഫിന്.
സംസ്ഥാന സർക്കാർ കായിക പരിശീലകർക്ക് നൽകുന്ന പരമോന്നത പുരസ്കാരമാണിത്. 2023ലാണ് ജേക്കബ് ജോസഫിനെ സ്പോർട്സ് കൗൺസിൽ കോളജിലേക്ക് നിയമിച്ചത്. സ്പോർട്സ് കൗൺസിലിൽ വോളി പരിശീലകനായി 2009ൽ ജോലിയിൽ പ്രവേശിച്ച ജേക്കബ് ജോസഫ് സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം, ജി.വി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ കോട്ടയം, സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ 2001 മുതൽ 2009 വരെ കായിക അധ്യാപകനായിരുന്നു. പരിശീലകനായി പ്രവർത്തിച്ച വിവിധ സ്ഥലങ്ങളിൽ നിരവധി ദേശീയ അന്തർദേശീയ വോളി താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ചു. പ്രഫഷനൽ വോളി ലീഗായ പ്രൈം വോളിയിൽ ഇദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാർ കളിക്കുന്നുണ്ട്. പ്രൈം വോളി സീസൺ-4 ലെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായ ഷമീമുദ്ദീൻ, ഫൈനൽ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ജിഷ്ണു എന്നിവർ ജേക്കബ് ജോസഫിന്റെ പരിശീലനത്തിലൂടെ വന്നവരാണ്.ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂനിവേഴ്സിറ്റിക്ക് വേണ്ടി പ്രകടനം നടത്തിയ എം.ജി യൂനിവേഴ്സിറ്റി താരം അരുവിത്തുറ കോളജിലെ സുജിത്ത് ഉൾപ്പെടെ നിരവധി താരങ്ങളെ വളർത്തിയെടുത്തു.
നീണ്ട 16 വർഷത്തിനു ശേഷം 2025ൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് എം.ജി യൂനിവേഴ്സിറ്റി വോളി കിരീടം നേടിയത് ജേക്കബിന്റെ പരിശീലനത്തിലാണ്. ജേക്കബ് ജോസഫിനെ സെന്റ് ജോർജ് കോളജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ അഭിനന്ദിച്ചു.


