പരാധീനതകളുടെ നടുവിൽ ഈരാറ്റുപേട്ട കെ.എസ്.ഇ.ബി ഓഫിസ്
text_fieldsശോചനീയാവസ്ഥയിലായ ഈരാറ്റുപേട്ട കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്
ഈരാറ്റുപേട്ട: സമൂഹത്തിന് വെളിച്ചം പ്രസരിപ്പിക്കേണ്ട വൈദ്യുതി ഓഫീസ് പരാധീനതകളുടെ കൂടെ യാത്ര തുടങ്ങിയിട്ട് കാലങ്ങളായി. നാട്ടുകാർ പരാതിപ്പെട്ട് മടുത്തപ്പോൾ ഭരണകക്ഷി യൂനിയൻ നേതാക്കൾ തന്നെ കൊടി എടുക്കേണ്ട അവസ്ഥയായി. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്
കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, ജോലി ചെയ്യാനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക, ജീവനക്കാരുടെ ജീവന് സുരക്ഷ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാർ സമരത്തിൽ ഉന്നയിച്ചത്.
നാല് പതിറ്റാണ്ടിലധികമായി വടക്കേകരയിലെ വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. പ്രതിവർഷം മൂന്ന് ലക്ഷത്തോളം രൂപയാണ് വാടകയിനത്തിൽ നൽകുന്നത്. ഓട് മേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂര പഴകി തുരുമ്പിച്ചു. ശക്തമായ കാറ്റടിച്ചാൽ താഴെ വീഴാനും സാധ്യതയുണ്ട്. മഴപെയ്താൽ ഓഫിസിന്റെ പലഭാഗങ്ങളും ചോർന്നൊലിക്കും. 32ഓളം ജീവനക്കാർ ഈ കെട്ടിടത്തിൽ ജീവൻ ഭയന്നാണ് ജോലി നോക്കുന്നത്.
ശക്തമായ മഴയിൽ വിലപ്പെട്ട പല ഫയലുകളും നനഞ്ഞുപോകുന്ന അവസ്ഥയുമുണ്ട്. ഫയലുകൾ ഭദ്രമായി സൂക്ഷിക്കാൻ വേണ്ട അലമാരകൾ പോലും ഇവിടെയില്ല. ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ വെള്ളമില്ല. ജീവനക്കാരും ഓഫീസിൽ എത്തുന്ന ഉപഭോക്താക്കളും ബുദ്ധിമുട്ടുകയാണ്.
പാലാ സർക്കിളിലെ ഏറ്റവും കൂടുതൽ കൺസ്യൂമേഴ്സ് ഉള്ള ഓഫീസാണിത്. കണക്ഷനുകൾ ഇരുപതിനായിരത്തിലധികം വരും.എന്നാലും കുറ്റമറ്റ നിലയിൽ സപ്ലൈ നൽകാൻ കെ.എസ്.ഇ.ബി ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.കൂടുതൽ ട്രാൻസ്ഫോമറുകൾ സ്ഥാപിച്ച് വൈദ്യുതി വിതരണം സുഗമമാക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
ഈ ഓഫീസിന്റെ പരിധിയിൽ ചെറിയൊരു അപകടം നടന്നാൽ എല്ലാ ട്രാൻസ്ഫോമറുകളും ഓഫാക്കും. ഇത് ദൈനംദിന പ്രവർത്തനങ്ങൾക്ക് ഏറെ തടസം സൃഷ്ടിക്കാറുണ്ട്. മലയോരപഞ്ചായത്തുകളായ തലപ്പലം, മൂന്നിലവ്, മേലുകാവ് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് ഉൾപ്പടെപ്രദേശങ്ങൾ ഈ ഓഫിസിന്റെ പരിധിയിലാണ്.
സംസ്ഥാനത്തെ മിക്ക ഇലക്ട്രിസിറ്റി ഓഫീസുകളും ഹൈടെക്കാകുമ്പോഴും വലിയ കലക്ഷൻ വരുന്ന ഈ ഓഫീസിന് വേണ്ട പരിഗണന നൽകുന്നില്ലന്ന പരാതിയുമുണ്ട്. ഓഫീസ് നവീകരിക്കേണ്ട കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചാലും അതൊന്നും ശ്രദ്ധിക്കാറില്ല. പരാതിക്ക് പരിഹാരമില്ലാതെ വന്നതോടെയാണ് യൂനിയനുകൾ പ്രതിഷേധവുമായി ഇറങ്ങിയത്.
വർക്കേഴ്സ് അസോസിയേഷൻ പാലാ ഡിവിഷൻ സെക്രട്ടറി ബോബി തോമസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സെബാസ്റ്റ്യൻ മൈക്കിൾ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രദീഷ് സി.പി, വിനോദ്, മുജീബ്, രെഞ്ചു ടി.ആർ എന്നിവർ സംസാരിച്ചു. ഷെമീർ എം.എ, ഷാനവാസ് പി.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.