Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightസിവിൽ സ്റ്റേഷൻ...

സിവിൽ സ്റ്റേഷൻ നിർമാണോദ്ഘാടനം കഴിഞ്ഞ് ഏഴുമാസം; പെർമിറ്റിന് അപേക്ഷ നൽകി റവന്യൂ വകുപ്പ്

text_fields
bookmark_border
സിവിൽ സ്റ്റേഷൻ നിർമാണോദ്ഘാടനം കഴിഞ്ഞ് ഏഴുമാസം; പെർമിറ്റിന് അപേക്ഷ നൽകി റവന്യൂ വകുപ്പ്
cancel

ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമാണോദ്ഘാടനം നടത്തി ഏഴു മാസം പിന്നിട്ടശേഷം കെട്ടിട നിർമാണ പെർമിറ്റിനായി നഗരസഭയിൽ അപേക്ഷ സമർപ്പിച്ച് റവന്യൂ വകുപ്പ്. മീനച്ചിൽ തഹസിൽദാർ സെപ്റ്റംബർ 26നാണ് ഈരാറ്റുപേട്ട നഗരസഭയിൽ അപേക്ഷ നൽകിയത്. സ്ഥലത്തിന്‍റെ സൈറ്റ് പ്ലാൻ, 50 സെന്‍റ് ഭൂമിയുടെ റവന്യൂ രേഖകൾ, കെട്ടിടത്തിന്‍റെ പ്ലാൻ എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിച്ചു.

രണ്ടു മാസം മുമ്പ് ഈരാറ്റുപേട്ട പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എൻജിനീയർ നഗരസഭ സെക്രട്ടറിക്ക് പെർമിറ്റിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ, ആവശ്യമായ റവന്യൂ രേഖകൾ ഉൾപ്പെടെയുള്ളവ സമർപ്പിക്കാത്തതിനാൽ അപേക്ഷ മടക്കി അയക്കുകയായിരുന്നു. തുടർന്നാണ് മീനച്ചിൽ തഹസിൽദാർ പുതിയ അപേക്ഷ സമർപ്പിച്ചത്.

നഗരസഭയുടെ കെട്ടിടനിർമാണ പെർമിറ്റിനായി അപേക്ഷ നൽകാതെയാണ് ഈ വർഷം മാർച്ച് ഒമ്പതിന് അന്നത്തെ റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി മിനി സിവിൽ സ്റ്റേഷന്‍റെ നിർമാണോദ്ഘാടനം നടത്തിയത്. ചട്ടങ്ങൾ പാലിക്കാതെയും ടെൻഡർ നടപടികൾ പൂർത്തിയാക്കാതെയും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉദ്ഘാടനം നടത്തിയെന്നാരോപിച്ച് യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ചിരുന്നു. പെർമിറ്റിനായി ഇപ്പോൾ അപേക്ഷ നൽകിയ നടപടി തങ്ങളുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് യു.ഡി.എഫ് നിലപാട്. യു.ഡി.എഫ് നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് അപേക്ഷ സമർപ്പിച്ചതെന്നും പറയപ്പെടുന്നു.

നാലു വർഷം ഫയൽ നീങ്ങിയില്ല, പ്രതിഷേധം ശക്തം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി 2021ലാണ് 10 കോടി അനുവദിച്ചത്. 2.80 ഏക്കർ സർക്കാർ ഭൂമിയിൽനിന്ന് 1.40 ഏക്കർ സ്ഥലമാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, 2022 ഫെബ്രുവരി 23ന് ജില്ല കലക്ടർ സർക്കാറിന് സമർപ്പിച്ച പ്രപ്പോസലിൽ ഒരേക്കർ ഭൂമിയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇത് 50 സെന്‍റായി ചുരുക്കി. നാലു വർഷത്തോളം ഫയലുകളിൽ കാര്യമായ നീക്കമുണ്ടാകാതിരുന്ന ശേഷം നിർമാണോദ്ഘാടനം നടത്തിയതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.

മിനി സിവിൽ സ്റ്റേഷന് ഒരേക്കർ ഭൂമിയെങ്കിലും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന് നിവേദനം നൽകിയിരുന്നു. കൂടുതൽ ഭൂമി അനുവദിച്ച് ആവശ്യമായ സൗകര്യങ്ങളോടെ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കണമെന്നാണ് യു.ഡി.എഫിന്‍റെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:revenue department Mini Civil Station erattupetta 
News Summary - Kerala Revenue Department Seeks Building Permit Months After Erattupetta Mini Civil Station Inauguration
Next Story