മേലുകാവ് മറ്റം ലക്ഷംവീട്ടുകാർ താമസിക്കുന്നത് നിലംപൊത്താറായ ഇരട്ടവീടുകളിൽ
text_fieldsമേലുകാവ് മറ്റം ലക്ഷംവീട് കോളനിയിലെ സുരക്ഷിതമല്ലാത്ത വീട്
ഈരാറ്റുപേട്ട: കേരളത്തിലെ ലക്ഷംവീടുകളിൽ ഒന്നുപോലും ഇരട്ടവീടുകളായി കാണില്ലെന്ന് ഒന്നര പതിറ്റാണ്ട് മുമ്പ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും മേലുകാവ് മറ്റം ലക്ഷംവീട് കോളനിക്കാർക്ക് പൊളിഞ്ഞുവീഴാറായ ഇരട്ടവീട്ടിൽ കഴിയാനാണ് വിധി. അരപതിറ്റാണ്ട് കാലമായി സ്ഥിരതാമസക്കാരായ പതിനാറോളം കുടുംബങ്ങൾ ഇന്നും താമസിച്ചുവരുന്നത് കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞ് നിലംപൊത്താറായ ഇരട്ട വീടുകളിൽ തന്നെ. ലക്ഷംവീട് കോളനിയിൽ താമസക്കാരായ പലർക്കും സ്വന്തം പേരിൽ പട്ടയം കൊടുത്തെങ്കിലും മേലുകാവ് മറ്റം കോളനിക്കാരെ മാത്രം തഴയുകയായിരുന്നു.
മൺകട്ടയും ആസ്ബസ്റ്റോസ് ഷീറ്റുംകൊണ്ട് നിർമിച്ചിരിക്കുന്ന വീടുകൾ പൊളിഞ്ഞ് വീഴാറായിട്ടും അറ്റകുറ്റപ്പണി നടത്താനോ ഒറ്റവീടാക്കാനോ കഴിയാതെ ഇവർ ബുദ്ധിമുട്ടുകയാണ്. വർഷങ്ങളായി താമസിക്കുന്ന വീടിന് കരമടക്കാൻ കഴിയാത്തതിനാൽ ഇവിടുത്തെ താമസക്കാർക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. 1973ലെ അച്യുതമേനോൻ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻ നായർ നടത്തിയ പ്രഖ്യാപനത്തെ തുടർന്നാണ് ഭൂരഹിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ലക്ഷംവീട് പദ്ധതി ആരംഭിച്ചത്.
ഭൂപരിഷ്കരണ നിയമം നടപ്പാക്കിയിട്ടും ഭൂമി കിട്ടാത്ത മേലുകാവ് പഞ്ചായത്തിലെ 20 കുടുംബങ്ങളെ ടൗണിൽ തന്നെ ഒരേക്കർ സ്ഥലം വാങ്ങി ഇരട്ടവീടുകൾ പണിത് പുനരധിവസിപ്പിക്കുകയായിരുന്നു. പലതവണയായി ഈ കുടുംബങ്ങൾ പട്ടയത്തിനായി അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. കാലപ്പഴക്കം കൊണ്ട് ഭിത്തികൾ വീണ്ടുകീറി വീടിന്റെ മേൽക്കൂര ഉൾപ്പെടെ ഇടിയാറായ നിലയിലാണ് പല വീടുകളും. മാറിമാറി വന്ന ജനപ്രതിനിധികളുടെ മുന്നിൽ ഈ ആവശ്യം അറിയിച്ചിട്ടും മന്ത്രിമന്ദിരങ്ങൾ കയറി ഇറങ്ങിയിട്ടും ഇക്കാര്യത്തിൽ ഒരു പരിഗണയും നൽകുന്നില്ലെന്നാണ് ഇവിടുത്തുകാരുടെ പരാതി.