തീർഥാടകരെത്താൻ ദിവസങ്ങൾ മാത്രം; ഒരുക്കങ്ങളിൽ മെല്ലെപ്പോക്ക്
text_fieldsഎരുമേലി: മണ്ഡല - മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോഴും മുന്നൊരുക്കങ്ങളിൽ മെല്ലെപ്പോക്കെന്ന് ആക്ഷേപം. ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന പ്രധാന ഇടത്താവളമായ എരുമേലിയിൽ മാസങ്ങളെടുത്ത് ആലോചിച്ച് നടപ്പിലാക്കേണ്ട മുന്നൊരുക്കങ്ങൾ ആലോചനയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായാണ് ആക്ഷേപം. നവംബർ 17ന് മണ്ഡലകാല മഹോത്സവത്തിന് നട തുറക്കുന്നതോടെ എരുമേലിയിലേക്ക് ഭക്തജനങ്ങൾ ഒഴുകിത്തുടങ്ങും.
എന്നാൽ, തീർഥാടക വാഹനങ്ങൾ ഒഴുകിയെത്തുന്ന പ്രധാന റോഡുകളും ജങ്ഷനുകളും കുണ്ടുംകുഴിയും നിറഞ്ഞ അവസ്ഥയിലാണ്. എരുമേലി - റാന്നി റോഡിൽ പലയിടത്തും റോഡിൽ കുഴികൾ രൂപപ്പെട്ടു. കരിങ്കല്ലുംമൂഴി ജങ്ഷനിലെ വലിയകുഴി നിരവധി അപകടങ്ങൾക്ക് കാരണമായിട്ടും കുഴിയടച്ച് ടാർ ചെയ്യാത്തത് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി.
തീർഥാടകരുടെയും നാട്ടുകാരുടെ ഏക ആശ്രയമായ എരുമേലി സർക്കാർ ആശുപത്രിയിലേക്കുള്ള റോഡും തരിപ്പണമാണ്. എരുമേലി കെ.എസ്.ആർ.ടി.സി ഡിപ്പോയും വലിയ കുഴികൾ രൂപപ്പെട്ട് തോടായി. തീർഥാടകർ എത്തിത്തുടങ്ങുമ്പോൾ മാത്രം ഗതാഗതക്കുരുക്ക് ഉണ്ടാക്കി ഓടിച്ചുവിട്ട് റോഡിൽ അറ്റകുറ്റപണി നടത്തുന്ന രീതിയാണ് കാണാറ്.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നിരവധി മാർഗങ്ങൾ ആസൂത്രണം ചെയ്തിട്ടും ഒന്നും നടപ്പിലാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പാരലൽ റോഡുകൾ ഗതാഗതയോഗ്യമാക്കി വാഹനങ്ങൾ തിരിച്ചുവിട്ട് ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാണ് ആവശ്യം.
തീർഥാടകർ കുളിക്കാൻ ഇറങ്ങുന്ന വലിയമ്പലത്തിന് മുന്നിലെ കുളിക്കടവിൽ അടിഞ്ഞുകൂടിയ അഴുക്ക് വാരിക്കളഞ്ഞ് വൃത്തിയാക്കുക, ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കുക, ദിശാബോർഡുകൾ സ്ഥാപിക്കുക, അപകടമേഖലകളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ നടപ്പിലാക്കുക, തീർഥാടകർ എത്തുന്ന സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുക തുടങ്ങി നിരവധി മുന്നൊരുക്കങ്ങളാണ് ബാക്കിയുള്ളത്.
ദേവസ്വം ബോർഡ്, ജമാഅത്ത് ഉടമസ്ഥതയിലുള്ള പാർക്കിങ് മൈതാനങ്ങളും ശൗചാലയങ്ങളും കരാർ വ്യവസ്ഥയിൽ നൽകിത്തുടങ്ങി. തീർഥാടകരെ വരവേൽക്കുന്നതിന്‍റെ ഭാഗമായി താത്കാലിക കടകളും ഉയർന്നു തുടങ്ങി.


