കോട്ടയം ജില്ലയിൽ ഓണവിപണിയിലെ നിയമലംഘനം തടയാൻ പരിശോധന ശക്തം
text_fieldsഎരുമേലി: ഓണത്തിന് പൊതുവിപണിയിലെ നിയമലംഘനം തടയാൻ ജില്ല കലക്ടർ രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡ് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തി. എരുമേലി, ആനക്കല്ല്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, ചിറക്കടവ് മേഖലകളിൽ പ്രവർത്തിക്കുന്ന ഹോട്ടൽ, ബേക്കറി, പച്ചക്കറി, പലചരക്ക്, മത്സ്യ - മാംസ വിപണന കേന്ദ്രങ്ങൾ എന്നിവയടക്കം 47 സ്ഥാപനങ്ങൾ പരിശോധിച്ചു.
ത്രാസുകളിൽ നിയമ പ്രകാരമുള്ള മുദ്രണം ഇല്ലാത്തതും പായ്ക്കറ്റ് ഇനങ്ങളിൽ ലേബൽ ഇല്ലാത്തതുമായ ക്രമക്കേട് കണ്ടെത്തുന്ന കടകൾക്കെതിരെ നടപടി സ്വീകരിക്കും.
സാധനങ്ങൾ അമിത വിലക്ക് വിൽക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. നിയമാനുസൃത വിലവിവരപട്ടിക പൊതുജനങ്ങൾ കാണത്തക്കവിധം വ്യക്തമായി പ്രദർശിപ്പിക്കണമെന്നും അധികൃതർ ഉത്തരവിട്ടു.
താലൂക്ക് സപ്ലൈ ഓഫീസർ ജി. അഭിൽജിതിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ റവന്യു വകുപ്പ് ജൂനിയർ സൂപ്രണ്ട് പി.എസ്. നിജുമോൻ, ലീഗൽ മെട്രോളജി വകുപ്പ് ഇൻസ്‌പെക്ടർ അഖിൽ സഖറിയ, ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫീസർ തെരസ്ലിൻ ലൂയിസ് എന്നിവർ പങ്കെടുത്തു.


