അമൃത് ഭാരത് പദ്ധതി; ഏറ്റുമാനൂര്‍ റെയിൽവേ സ്റ്റേഷന് ഒച്ചിഴയും വേഗം
text_fieldsനിർമാണത്തിലെ അപാകത മൂലം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിന്റെ വഴിയുടെ നടുവിൽ സ്ഥിതിചെയ്യുന്ന തൂൺ
ഏറ്റുമാനൂര്‍: വികസനമുരടിപ്പിൽ കിതച്ച് ഏറ്റുമാനൂര്‍ റെയിൽവേ സ്റ്റേഷൻ. അമൃത് ഭാരത് സ്റ്റേഷൻ സ്കീം പദ്ധതിയുടെ ഭാഗമായി 2023ൽ ആരംഭിച്ച വികസനപ്രവൃത്തികളാണ് ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്. നാലുകോടിയോളം രൂപയാണ് സ്റ്റേഷന്റെ വികസനങ്ങൾക്ക് അനുവദിച്ചത്. എന്നാൽ, വർഷം രണ്ട് പിന്നിട്ടിട്ടും പ്രാഥമികവികസനങ്ങൾപോലും പൂർത്തിയായിട്ടില്ല. കോൺട്രാക്ട് ഏറ്റെടുത്ത കമ്പനി സബ് കരാറുകാരെ ഏൽപിച്ചാണ് നിർമാണം മുന്നോട്ടുപോകുന്നതെന്നാണ് ആക്ഷേപം. കവാടത്തിന്റെ മേൽക്കൂരയുടെ പണി ഇപ്പോഴും പാതിവഴിയിലാണ്. വഴിയുടെ നടുവിലാണ് തൂൺ സ്ഥിതിചെയ്യുന്നത്.
റെയിൽവേ സ്റ്റേഷനിലേക്കുള്ള വൺവേയുടെ നിർമാണത്തിൽ കനത്ത അപാകതയുണ്ടായതായാണ് യാത്രക്കാരുടെ ആക്ഷേപം. അടുത്ത ഇടറോഡിലൂടെ വേണം ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങളിലെത്തുന്ന യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലെത്താൻ. ദൂരസ്ഥലങ്ങളിൽനിന്ന് പാലാ, മെഡിക്കൽ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലും എത്തുന്നവർക്ക് ഉപയോഗപ്രദമാണ് ഏറ്റുമാനൂര്‍ റെയിൽവേ സ്റ്റേഷൻ. കൂടാതെ കോട്ടയത്ത് ട്രെയിൻ ഇറങ്ങുന്നതിനെക്കാൾ സമയക്കുറവും ദൂരക്കുറവുമുണ്ട്. കോട്ടയം റെയിൽവേ സ്റ്റേഷൻ പോലെ പ്രാധാന്യമുണ്ട് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്. സൗകര്യപരിമിതികളിൽ നിരവധി പരാതികൾ യാത്രക്കാരിൽനിന്ന് മറ്റും ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ അവഗണനയിൽ മാറ്റമില്ലാതെ തുടരുകയാണ് ഇവിടുത്തെ ശോച്യവസ്ഥ.
ഏകീകരണമില്ലാതെ യാത്രാസംവിധാനം
ചികിത്സക്കും പഠനാവശ്യങ്ങൾക്കുമായി ഇവിടെയിറങ്ങുന്ന യാത്രക്കാരുടെ പ്രധാന ആശ്രയമാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ ഓട്ടോ-ടാക്സി സ്റ്റാൻഡ്. 30ഓളം ഓട്ടോറിക്ഷകളും അതിലേറെ ടാക്സികളുമാണ് ഇവിടെനിന്ന് സർവിസ് നടത്തുന്നത്. എന്നാൽ, 13 വർഷമായി സ്റ്റാൻഡിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് കൃത്യമായ ഏകീകരണമില്ല. രാവിലെ അഞ്ച് മുതൽ വൈകീട്ട് 11വരെയാണ് സ്റ്റേഷനിലെ ഓട്ടോ-ടാക്സി സ്റ്റാൻഡ് ഡ്രൈവർമാർ സർവിസ് നടത്തുന്നത്.
ഇതിനുശേഷം അനധികൃതമായി സവാരി പിടിക്കുന്നവർ യാത്രക്കാരിൽനിന്ന് അമിതകൂലി ഈടാക്കുന്നതായി യാത്രക്കാർ പലതവണ പരാതിപ്പെട്ടിട്ടുണ്ട്. ഇതിനും പഴി കേൾക്കേണ്ടിവരുന്നത് ഇവിടെ സർവിസ് നടത്തുന്നവർക്കാണ്. പൊലീസ് വെരിഫിക്കേഷൻ ഉൾപ്പെടെ ഒരുവർഷത്തേക്ക് 2000 രൂപയോളം റെയിൽവേയിൽ അടച്ചാണ് ഓട്ടോ-ടാക്സികൾ സർവിസ് നടത്തുന്നത്. ജി.എസ്.ടി ഉൾപ്പെടെ 1000 രൂപയിൽ താഴെയായിരുന്നു കഴിഞ്ഞവർഷം അടച്ചുകൊണ്ടിരുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിലുള്ള പ്രീപെയ്ഡ് ടാക്സി കൗണ്ടറുകൾ ഏർപ്പെടുത്തിയാൽ യാത്രക്കാർക്കും ഓട്ടോ-ടാക്സി ഡ്രൈവർമാർക്കും ഒരുപോലെ സഹായകരമാകും.