അധ്യാപികക്കെതിരായ ആക്രമണം: വിവാഹബന്ധം വേർപ്പെടുത്താൻ ശ്രമിച്ചതിലെ വിരോധംമൂലം
text_fieldsകൊച്ചുമോൻ
ഏറ്റുമാനൂർ: അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ചത് വിവാഹബന്ധം വേർപ്പെടുത്താൻ പരാതി നല്‍കിയതിലുള്ള വിരോധം മൂലം. പൂവത്തുംമൂട് ഗവ. എൽ.പി സ്കൂൾ അധ്യാപിക തിരുവഞ്ചൂർ മോസ്കോ സ്വദേശി ഡോണിയയാണ് ആക്രമണത്തിനിരയായത്. പ്രതി മണർകാട് വിജയപുരം മോസ്കോ ഭാഗം മുരിങ്ങോത്ത് പറമ്പിൽ കൊച്ചുമോനെ (45) കോടതി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.
ഡോണിയയെ ഓഫിസ് മുറിയിലേക്ക് വിളിച്ചുവരുത്തി കറിക്കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. ആക്രമണശേഷം കടന്നുകളഞ്ഞ കൊച്ചുമോനെ പിന്നീട് പിടികൂടുകയായിരുന്നു. ഡോണിയയെ ഉടൻ മറ്റ് അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പ്രതിക്കെതിരെ ഡോണിയയുടെ പരാതിയിൽ മണര്‍കാട് പൊലീസ് സ്റ്റേഷനിലും കേസുണ്ട്.


