ട്രാഫിക് പൊലീസ് കൺട്രോൾ ബൂത്ത് നാടിന് സമർപ്പിച്ചു
text_fieldsഏറ്റുമാനൂർ: സെൻട്രൽ ജങ്ഷനിൽ ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്ന പൊലീസുകാർക്കും ഹോംഗാർഡുകൾക്കുമായി സ്ഥാപിച്ച ട്രാഫിക് പൊലീസ് കൺട്രോൾ ബൂത്ത് നാടിന് സമർപ്പിച്ചു. പൊലീസിന്റെ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ബൂത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഏറ്റുമാനൂർ പാറോലിക്കലിൽ പ്രവർത്തിക്കുന്ന ബി ആൻഡ് ബി വൺ ടൂൾസ് ആൻഡ് ട്രാവൽസ് ഉടമകളായ ബിജു പേണ്ടാനത്ത്, ഏറ്റുമാനൂർ നഗരസഭ കൗൺസിലർ കൂടിയായ ബിബീഷ് ജോർജ് വേലിമറ്റം എന്നിവർ ചേർന്നാണ് ട്രാഫിക് കൺട്രോൾ ബൂത്ത് നിർമിച്ചുനൽകിയത്. ഏറ്റുമാനൂർ പൊലീസിന്റെ സഹകരണത്തോടെയാണ് ബൂത്തിന്റെ നിർമാണം. നഗരസഭാധ്യക്ഷ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ഹോംഗാർഡ് ട്രാഫിക് ബൂത്തിൽ ഗതാഗതം നിയന്ത്രിച്ചു. ഏറ്റുമാനൂർ എസ്.എച്ച്.ഒ എ.എസ് അൻസൽ, നഗരസഭ കൗൺസിലർമാരായ ഇ.എസ്.ബിജു, ബീന ഷാജി, വിജി ജോർജ് ചാവറ, തങ്കച്ചൻ കോണിക്കൽ, വിജി ഫ്രാൻസ്, ഏറ്റുമാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


