പുറംബണ്ടിലെ കുടുംബങ്ങൾ വെള്ളക്കെട്ടിൽ; പുഞ്ചകൃഷി അനിശ്ചിതത്വത്തിൽ
text_fieldsകുമരകം: മൂലേപ്പാടം നാറാണത്തുകരി തെക്കേ ബ്ലോക്ക് പാടശേഖരം 240 ഏക്കറിൽ പുഞ്ചകൃഷി ഇറക്കുന്ന നടപടി വീണ്ടും അനിശ്ചിതത്വത്തിൽ; പുറംബണ്ടിലുള്ളവർ വെള്ളത്തിൽ തന്നെ. കൃഷി ഓഫിസറുടെ സാന്നിധ്യത്തിൽ യോഗം വിളിക്കണമെന്ന ആവശ്യവുമായി കർഷകരും. കൃഷിയിറക്കാൻ നടപടി സ്വീകരിക്കാൻ കഴിഞ്ഞദിവസം കർഷകരുടെ പൊതുയോഗം ചേർന്നെങ്കിലും ചിലർ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ തീരുമാനം കൈക്കൊള്ളാനാകാതെ യോഗം പിരിയുകയായിരുന്നു. പാടശേഖരത്തിന്റെ പുറംബണ്ടിലെ താമസക്കാർ വെള്ളത്തിൽ കഴിയേണ്ട ദുരവസ്ഥയിലാണ്.
പാടത്തെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് ജലനിരപ്പ് താഴ്ത്തി വീട്ടുകാരുടെ പ്രശ്നത്തിന് പരിഹാരം കാണാനും പുഞ്ചകൃഷി ഇറക്കുന്നതിനുവേണ്ട നടപടിക്ക് അംഗീകാരം തേടുന്നതിനുമാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്. പൊതുയോഗം കൂടി എടുക്കുന്ന തീരുമാനം പുഞ്ച സ്പെഷൽ ഓഫിസറെ അറിയിച്ച് കഴിയുമ്പോഴാണ് പമ്പിങ്ങിനു നടപടി സ്വീകരിക്കുന്നതും. പൊതുയോഗ തീരുമാനം ഇല്ലാത്തതിനാൽ പമ്പിങ് ലേലത്തിന് അപേക്ഷ നൽകാൻ സാധിക്കാത്ത അവസ്ഥയാണുള്ളതും.
ലേലം നടത്തിയാൽ മാത്രമേ പാടശേഖരത്തിനു വൈദ്യുതി സബ്സിഡി ലഭിക്കൂ. കർഷകർ സ്വന്തം ചെലവിൽ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കണമെങ്കിൽ ആയിരങ്ങൾ ചെലവാകുമെന്ന് കർഷകർ പറയുന്നു. അതിനിടെ മൂലേപ്പാടം തെക്കേ ബ്ലോക്ക് പാടശേഖരത്തെ പുറംബണ്ടിലെ 25 വീട്ടുകാർ ഇപ്പോഴും വെള്ളപ്പൊക്ക ദുരിതത്തിൽ തുടരുകയാണ്. പുരയിടങ്ങളിലും വീടുകളിലും വരെ വെള്ളം കയറിയതോടെ മാസങ്ങളായി ദുരിതത്തിലാണ്. പുറംബണ്ടിന് സമീപം വലിയ തോടാണ്. വെള്ളത്തിലൂടെ നടന്നുപോകുമ്പോൾ കാൽതെന്നി തോട്ടിൽ വീഴാൻ സാധ്യതയുള്ളതാണ് വീട്ടുകാരെ ആശങ്കയിലാക്കുന്നത്.
പാടശേഖര സമിതിയുടെയും ഗ്രൂപ് ഫാം കമ്മിറ്റിയുടെയും അനാസ്ഥമൂലം കൃഷി മുടങ്ങിയതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്നു പാടശേഖരത്തെ ഒരു വിഭാഗം കർഷകർ ആരോപിക്കുന്നു. ഏപ്രിൽ പകുതിയോടെ കൊയ്ത്ത് കഴിഞ്ഞ പാടം വിരിപ്പുകൃഷിക്കുള്ള പമ്പിങ്ങിനു അപേക്ഷ പോലും നൽകിയില്ലെന്നും ഭരണസമിതിക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന ആക്ഷേപവമുണ്ട്. പൊതുയോഗം ചേരാതെ ഭരണസമിതി പണം ചെലവഴിച്ചതായും ആരോപണമുണ്ട്. മടവീഴ്ച മൂലം ഉണ്ടായ നഷ്ടത്തിന് സർക്കാറിൽനിന്ന് പണം ലഭിച്ചിരുന്നതായും കർഷകർ പറയുന്നു. കഴിഞ്ഞ ദിവസത്തെ പൊതുയോഗം നടക്കാത്തതിനാൽ കൃഷി ഓഫിസറുടെ സാന്നിധ്യത്തിൽ കർഷകരുടെ പൊതുയോഗം വിളിക്കണമെന്ന ആവശ്യവും ശക്തമാണ്.