കൊല്ലത്തിന്റെ കാസിം, കോട്ടയത്തിന്റെ സുൽത്താൻ
text_fieldsകാസിം സുൽത്താൻ, ജൂനിയർ 800, 3000 മീറ്റർ, സെന്റ് തോമസ് പാലാ
പാലാ: തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കായികമേളയിൽ കാസിം സുൽത്താൻ ജേഴ്സിയണിയുക സ്വന്തം ജില്ലയായ കൊല്ലത്തിനു വേണ്ടിയായിരിക്കില്ല. നാട്ടിൽനിന്ന് ഏറെ അകലെയുള്ള കോട്ടയത്തിനു വേണ്ടിയാവും കാസിം സുൽത്താനിറങ്ങുക. ജൂനിയർ ബോയ്സ് 800 മീറ്ററിലും 3000 മീറ്ററിലും പാലാ സെന്റ് തോമസ് എച്ച്.എസ്.എസിനായി സ്വർണം നേടിയ കാസിം സുൽത്താൻ, കൊല്ലം നിലമേൽ സ്വദേശിയും ഹോട്ടൽ തൊഴിലാളിയുമായ നസറുല്ലയുടെയും വഹീദയുടെയും മകനാണ്.
കഴിഞ്ഞ വർഷം വരെ എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ സ്കൂളിന്റെ താരമായിരുന്നു കാസിം സുൽത്താൻ. കായികരംഗത്തെ മികവ് കണ്ടാണ് കൊല്ലത്തുനിന്ന് കോതമംഗലത്തേക്ക് ബസ് കയറിയത്. അവിടെ നിന്ന് പാലായിലേക്ക് തിരിക്കുമ്പോൾ കോച്ച് തങ്കച്ചനും അൽഫോൺസ അത്ലറ്റിക്സ് അക്കാദമിയുമായിരുന്നു മനസ്സിൽ. തങ്കച്ചന്റെ പരിശീലനത്തിൽ തേച്ചുമിനുക്കിയ പ്രതിഭയുമായി ട്രാക്കിന്റെ സുൽത്താനായി കാസിം കുതിക്കുകയാണ്.


