മെഡിക്കൽ കോളജ്; മേൽക്കൂരയിലെ സിമന്റ് പാളി വീഴാറായ നിലയിൽ
text_fieldsമെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ വാർഡിന്റെ മേൽക്കൂരയിലെ സിമന്റ് പാളി അടർന്ന് വീഴാറായ നിലയിൽ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പത്താം വാർഡിന്റെ മേൽക്കൂരയിൽ സിമന്റ് പാളി അടർന്ന് ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിൽ. ഭിത്തിയുടെ അരികിൽ തങ്ങിനിൽക്കുകയാണ് ഭാരമുള്ള സിമന്റ് പാളി. തകർന്ന കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്താണ് പത്താം വാർഡ് പ്രവർത്തിച്ചിരുന്നത്.
കെട്ടിടം തകർന്നതിനെതുടർന്ന് 10ാം വാർഡ് ഉൾപ്പെടെ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ വാർഡുകളും പ്രധാന ശസ്ത്രക്രിയ തിയറ്ററും പുതിയ സർജറി ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. എന്നാൽ, കെട്ടിടത്തിന് പുറത്തുകൂടി കടന്നുപോകുന്നവർക്ക് ഭീഷണിയാണ്.
അപകടമേഖലയാണ് ഇതുവഴി പോകരുതെന്ന് ബോർഡ് അധികൃതർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ശ്രദ്ധിക്കുന്നില്ല. ഏതുനിമിഷവും നിലംപതിക്കാവുന്ന രീതിയിൽ ഇരിക്കുന്ന സിമന്റ് പാളി നീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.