രോഗികൾക്ക് ‘പുല്ലുവില’; മെഡിക്കൽകോളജ് നേത്രരോഗവിഭാഗം ലേസർമെഷീൻ തകരാറിലായിട്ട് ഒരു വർഷം!
text_fieldsഗാന്ധിനഗർ: രോഗികൾക്ക് ചികിത്സ കിട്ടാതെ ഗുരുതര പ്രതിസന്ധിയിലാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലെ ലേസർമെഷീൻ തകരാറിലായിട്ട് ഒരു വർഷമാകുന്നു. ഇവിടെത്തെ ഒ.സി.ടി മെഷീന്റെ പ്രവർത്തനവും കാര്യക്ഷമമല്ല. വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് രോഗികളാണ് മതിയായ ചികിത്സ കിട്ടാതെ പ്രതിസന്ധിയിലായത്.
കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ ലേസർ ചികിത്സയുണ്ടെങ്കിലും എല്ലാ ലേസർ ചികിത്സക്കുമുള്ള ലെൻസിവിടെയില്ലാത്തതും രോഗികളെ വലക്കുകയാണ്. അതിനാൽ സ്വകാര്യ കണ്ണാശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. സ്വകാര്യ കണ്ണാശുപത്രിയിൽ ഒരു തവണ ലേസർ ചെയ്യണമെങ്കിൽ 3000 മുതൽ 4000 രൂപ വരെ നൽകണം.
റെറ്റിനയിലെ ഞരമ്പിന്റെ ആരോഗ്യം നിർണയിക്കാൻ വളരെ അത്യാവശ്യമാണ്ഈ മെഷീൻ. ഇക്കാര്യത്തിൽ ആശുപത്രി അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.
നേത്രരോഗസംബന്ധമായ വിവിധ രോഗം ബാധിച്ചവർക്ക് ലേസർചികിത്സയിലുടെ പരിഹാരം കണ്ടെത്താം. രോഗം അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ലേസർ ചികിത്സകളുണ്ട്. കണ്ണിലെ പ്രഷർ നിയന്ത്രിക്കുന്നതിനും ഡയബറ്റിക്ക് റെറ്റിനോപ്പതി തുടങ്ങിയ വിവിധങ്ങളായ നേത്ര രോഗങ്ങൾക്കും ലേസർ ചികിത്സ ആവശ്യമാണ്. കണ്ണിലെ റെറ്റിനയുടെ നടുഭാഗത്തെ ഞരമ്പിനെ ബാധിക്കുന്ന നീര്, കൊഴുപ്പ്, ബ്ലീഡിങ്, ഞരമ്പിന്റെ കട്ടി എന്നിവ കണ്ടെത്തുന്നതിന് കണ്ണിൽ സ്കാൻ ചെയ്യുന്നതിനാണ് ഒ.സി.ടി മെഷീൻ ഉപയോഗിക്കുന്നത്.