ഇല്ലാത്ത ഹർഡിൽ ചാടിക്കടന്ന് സ്വർണം
text_fieldsആദ്യ മെഡൽ നേട്ടത്തിനുശേഷം കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്ന അയോണ മേരി സോജൻ
പാലാ: പേരിനുപോലും ഒരു ഹർഡിൽ ഇല്ലാത്ത സ്കൂളിൽനിന്നാണ് അയോണ മേരി സോജൻ വരുന്നത്. കായികാധ്യാപിക എബിലി വർഗീസ് പി.വി.സി പൈപ്പ് മുറിച്ചുണ്ടാക്കിയ ഹർഡിൽ പോലൊരു സാധനം ചാടിക്കടന്ന് 100 മീറ്റർ ഹർഡിൽസിൽ അയോണ സീനിയർ ഗേൾസ് വിഭാഗത്തിൽ സ്വർണമണിഞ്ഞു.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയാണ് അയോണ. കഴിഞ്ഞ മൂന്നുതവണയും നാലാം സ്ഥാനത്തായതിന്റെ സങ്കടം തീർത്ത് ആദ്യമായി സ്വർണമണിഞ്ഞ സന്തോഷത്തിൽ അയോണ പൊട്ടിക്കരഞ്ഞുപോയി.
ഒപ്പം ഓടിയ സഹപാഠി ആര്യയെ കെട്ടിപ്പിടിച്ചായിരുന്നു അയോണ ആനന്ദക്കണ്ണീർ പങ്കുവെച്ചത്. അതിന് സാക്ഷിയാകാൻ ബൈക്കപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് ജോലി ഉപേക്ഷിക്കേണ്ടി വന്ന പിതാവ് സോജനും ഒപ്പമുണ്ടായിരുന്നു. മാതാവ് റീന കുവൈത്തിൽ നഴ്സാണ്.


