മയക്കുമരുന്ന് കടത്ത്; എക്സൈസിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കാൻ സർക്കാർ
text_fieldsകോട്ടയം: സംസ്ഥാനത്ത് നടക്കുന്ന മയക്കുമരുന്ന് കടത്തിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം വർധിക്കുന്നതായി വിലയിരുത്തൽ. അതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കുന്നത് സർക്കാറിന്റെ പരിഗണനയിൽ. പ്രതിമാസം നടക്കുന്ന എക്സൈസ് വകുപ്പിന്റെ സംസ്ഥാന-ജില്ലതല അവലോകന യോഗങ്ങളിലാണ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം വർധിക്കുന്നതായ വിലയിരുത്തൽ.
അടുത്തിടെ സംസ്ഥാനത്ത് എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുമായി പിടിയിലായതിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം കൂടുതലാണെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞുപിടിയിലാകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം ബോധവത്കരണവും പുനരധിവാസ പ്രവർത്തനങ്ങളും നടക്കുന്നതായും എക്സൈസ് വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
എന്നാൽ, സ്ത്രീകളെയും പെൺകുട്ടികളെയും മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന സാഹചര്യത്തിൽ അതിന് ആനുപാതികമായി വനിത ജീവനക്കാരുടെ അഭാവം എക്സൈസ് വകുപ്പിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നിലവിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ തസ്തികയിൽ ഒന്നും ഇൻസ്പെക്ടർ തസ്തികയിൽ 19ഉം വനിത സിവിൽ എക്സൈസ് ഓഫിസർ തസ്തികയിൽ 658ഉം വനിതകളാണുള്ളത്.
ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് സേനയിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കുന്നത് സർക്കാർ പരിശോധിക്കുന്നത്. ലഹരിയുടെ ഉപയോഗത്തിൽനിന്ന് കുട്ടികളെ മോചിപ്പിക്കാൻ വിമുക്തി മിഷന്റെ ഭാഗമായി ആരംഭിച്ച നേർവഴി പദ്ധതിയിൽ മയക്കുമരുന്നിന് അടിമകളായ പെൺകുട്ടികൾക്കും മതിയായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.