ജില്ല ആശുപത്രി എന്ന ഇല്ലാശുപത്രി
text_fieldsജില്ല ആശുപത്രി
ജില്ലയിലേക്ക് പോവുക എന്നാൽ കോട്ടയത്തെ പഴമക്കാർക്ക് ജില്ല ആശുപത്രിയിലേക്കു പോവുക എന്നാണ്. എത്ര വലിയ അസുഖത്തിനും ജില്ലയിലെത്തിയാൽ മരുന്നുണ്ടാകും എന്നായിരുന്നു അന്നത്തെ ജനങ്ങളുടെ വിശ്വാസം. ആധുനിക സാങ്കേതികവിദ്യ ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത അക്കാലത്തുനിന്ന് വർത്തമാനത്തിലേക്കെത്തുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. ആവശ്യത്തിന് പശ്ചാത്തല സൗകര്യങ്ങളില്ല, ഡോക്ടർമാരില്ല, നോക്കാനാളുമില്ല. ഒന്നും ഇല്ലെന്ന മറുപടിയേ ഇവിടെ പ്രതീക്ഷിക്കാവൂ. ജില്ല ആശുപത്രി ഇല്ലാശുപത്രിയായ ആ യാത്രയെക്കുറിച്ച് ‘മാധ്യമം’ നടത്തുന്ന അന്വേഷണ പരമ്പര ഇന്നു മുതൽ...
കോട്ടയം: ജില്ലയിലേക്ക് പോവുക എന്നത് പഴമക്കാർ വെറുതെ പറഞ്ഞിരുന്നതല്ല. ആ പറച്ചിലിന് അടിസ്ഥാനമായ ചരിത്രവുമുണ്ട് അവരുടെ മനസ്സിൽ. രോഗികളുടെ ആദ്യവസാന വാക്കായിരുന്നു ജില്ല ആശുപത്രി. അടിപിടിക്കേസ് തുടങ്ങി വലിയ അപകടം വരെ സംഭവിച്ചാലും ആദ്യമെത്തിക്കുക ജില്ല ആശുപത്രിയിലാണ്. കലാലയരാഷ്ട്രീയം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് സി.എം.എസ്, ബസേലിയോസ്, നാട്ടകം ഗവ. കോളജ് എന്നിവിടങ്ങളിൽ സംഘർഷം പതിവായിരുന്നു.
എല്ലാവരെയും രാഷ്ട്രീയം നോക്കാതെ എത്തിക്കുക ഇവിടത്തെ 11ാം വാർഡിലാണ്. അടിച്ചവനും അടികൊണ്ടവനും കലിപ്പടക്കി മുഖംനോക്കി കിടക്കും. ഇന്നത്തെ എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ എം.എൽ.എ സുരേഷ് കുറുപ്പ് തുടങ്ങിയ നേതാക്കളും ജില്ല ആശുപത്രിയിലെ 11ാം വാർഡ് പലവട്ടം കണ്ടവരാണ്.
1811ൽ ക്രോസ് മൺറോ സായിപ്പ് താമസിച്ചിരുന്ന വസതിയോട് ചേർന്ന് കുതിരലായമുണ്ടായിരുന്നു. 1942ൽ ഇതേ പേരുള്ള ഗൈനക്കോളജി ഡോക്ടറായിരുന്ന ക്രോസ് സായിപ്പാണ് ഈ കുതിരലായത്തിൽ പ്രസവശുശ്രൂഷ ആരംഭിക്കുന്നത്. ഇതാണ് ജില്ല ആശുപത്രിയുടെ ആദിമരൂപം.
ഇദ്ദേഹം 11 ഏക്കറോളം ഭൂമി ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. പൊട്ടംകുളം പ്ലാന്റേഷന്റെ അടക്കം സഹായത്തോടെ പശ്ചാത്തല സൗകര്യം ഒരുക്കി. ഓലമേഞ്ഞ മേൽക്കൂര കാലക്രമേണ ഓടിലേക്കും ഷീറ്റിലേക്കും മാറി. ഭരണികളിലാണ് മരുന്ന് സൂക്ഷിച്ചിരുന്നത്.
ഇവ ആവശ്യക്കാർക്ക് കുപ്പിയിൽ പകർന്നു നൽകും. ചുവന്ന മരുന്ന്, വെള്ള മരുന്ന് എന്നിങ്ങനെയാണ് രോഗികൾ പറയുക. പിന്നീട് ആശുപത്രി കൂടുതൽ വിപുലീകരിച്ചു. 1962 വരെ ഏറെക്കാലം കോട്ടയം മെഡിക്കൽ കോളജായി തുടർന്നു. മെഡിക്കൽ കോളജ് ആർപ്പൂക്കരയിലേക്ക് മാറ്റിയപ്പോൾ ജില്ല ആശുപത്രിയായി.
2011ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് കോട്ടയം അടക്കം എല്ലാ ജില്ല ആശുപത്രികളെയും ജനറൽ ആശുപത്രികളാക്കി ഉയർത്തിയത്. സർക്കാറുകളും സൗകര്യങ്ങളും മാറിമാറി വന്നപ്പോഴും ആശുപത്രിയുടെ വളർച്ച പിറകോട്ടാണ്.
ഒരുകാലത്ത് മെഡിക്കൽ കോളജ് പദവിയിലിരുന്ന ആശുപത്രിയിൽ ഓരോ ദിവസവും ഓരോ സംവിധാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആവശ്യത്തിന് വാർഡുകളില്ല. പല ഒ.പികളും ഡോക്ടർമാരില്ലാത്തതിനാൽ വെട്ടിച്ചുരുക്കുന്നു. ആശുപത്രിയുടെ ദൈനംദിന പ്രവൃത്തികൾ എങ്ങനെയൊക്കെയോ നടന്നുപോവുന്നതാണ്.
ജില്ലയുടെ അഭിമാനമായിരുന്ന ചികിത്സാലയം ചുറ്റുപാടുമുള്ള സ്വകാര്യ ആശുപത്രികളോട് മത്സരിക്കാനാവാതെ തോറ്റ് മാറിനിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുക. ആശുപത്രിയുടെ അവസ്ഥയിൽ വേദനിക്കുന്നവരും ദുരിതം അനുഭവിക്കുന്നവരും സാധാരണക്കാരാണ്.
ആ വേദന അൽപംപോലും അധികൃതരുടെ മനസ്സിലില്ല. അതുകൊണ്ടാണല്ലോ നഗരഹൃദയത്തിൽ ഒരാശുപത്രിയെ ചികിത്സയില്ലാതെ ദയാവധത്തിനു വിട്ടുകൊടുത്തിരിക്കുന്നത്. ഇടതു സർക്കാറിന്റെ കാലത്ത് ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും ജില്ല ആശുപത്രിയുടെ സ്ഥിതി അത്യന്തം ശോച്യമാണ്.
തുടരും...
നാളെ കാണെ കാണെ അപ്രത്യക്ഷമാവും വാർഡുകൾ