മനുഷ്യ-വന്യജീവി സംഘർഷം; നാല് പഞ്ചായത്തുകളിൽ പരാതിപ്പെട്ടി സ്ഥാപിച്ചു
text_fieldsകോട്ടയം: മനുഷ്യ -വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള സർക്കാർ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഹൈറേഞ്ച് സർക്കിളിനു കീഴിൽ നാലുപഞ്ചായത്തുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചു. പൂഞ്ഞാർ നിയമസഭ മണ്ഡലത്തിലുൾപ്പെട്ട കോരുത്തോട്, എരുമേലി, മണിമല, മുണ്ടക്കയം പഞ്ചായത്തുകളിലാണ് പരാതിപ്പെട്ടികൾ സ്ഥാപിച്ചത്. വനംവകുപ്പ് തയാറാക്കിയ പട്ടികപ്രകാരമുള്ള സംഘർഷബാധിത പഞ്ചായത്തുകളാണിത്.
ഹെൽപ് ഡെസ്ക്കുകൾ മുഖേനയാണ് പരാതികൾ സ്വീകരിക്കുന്നത്. ഹൈറേഞ്ച് സർക്കിളിനു കീഴിൽ ഇടുക്കിയിലെ 30 പഞ്ചായത്തുകളിലും എറണാകുളം ജില്ലയിലെ കാവലങ്ങാട്, കീരമ്പാറ, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലുമാണ് ഹെൽപ് ഡെസ്ക്കുകൾ മുഖേന പരാതികൾ സ്വീകരിച്ചുതുടങ്ങിയത്. ഇതു കൂടാതെ റേഞ്ച് ഓഫിസുകളിലും പരാതിപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ഹെൽപ് ഡെസ്ക്കിൽ പരാതിക്കാരെ സഹായിക്കാൻ ഫെസിലിലേറ്ററെയും ചുമതലപ്പെടുത്തി. 45 ദിവസത്തെ തീവ്ര പരിപാടിയാണ് സംസ്ഥാന വ്യാപകമായി സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യഘട്ടമാണ് ആരംഭിച്ചത്. രണ്ടാംഘട്ടം ഒക്ടോബർ ഒന്നിനും മൂന്നാംഘട്ടം ഒക്ടോബർ 16നും ആരംഭിക്കും.
ആദ്യഘട്ടം ചെയ്യുന്നത്:
എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് പരാതിപ്പെട്ടികൾ തുറന്ന് തരംതിരിച്ച് ബന്ധപ്പെട്ട ഓഫിസിലേക്ക് അയച്ചുകൊടുക്കും. പ്രതിദിന റിപ്പോർട്ട് ഗൂഗിൾഫോമിൽ തയാറാക്കും.
പരാതിയിൽ സ്വീകരിച്ച നടപടികളും കാലതാമസം വന്നാൽ അതിന്റെ കാരണങ്ങളും പരാതിക്കാരെ അറിയിക്കും.
പഞ്ചായത്ത് തലത്തിൽ അവലോകന യോഗങ്ങളും ജാഗ്രത സമിതികളും ചേരും.
രണ്ടാംഘട്ടം:
പ്രാദേശികമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളെ ജില്ല തലത്തിൽ അവതരിപ്പിച്ച് പരിഹരിക്കാനാണ് രണ്ടാംഘട്ടത്തിലെ ശ്രമം. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും നടപടികൾ. എം.എൽ.എമാരും പങ്കാളികളാവും.
മൂന്നാംഘട്ടം:
സംസ്ഥാന തലത്തിൽ തീർപ്പു കൽപ്പിക്കേണ്ട പ്രശ്നങ്ങളാണ് മൂന്നാം ഘട്ടത്തിൽ പരിഗണിക്കുക. മന്ത്രിമാരും വകുപ്പുമേധാവികളും പങ്കാളികളാവും. സംസ്ഥാനതലത്തിലും പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.