ഉപാധി രഹിത പട്ടയം; ജനകീയ സമരസമിതി പ്രക്ഷോഭത്തിന്
text_fieldsമുണ്ടക്കയം: വനേതര ഭൂമിയില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ഉപാധി പട്ടയം നല്കി ഉപാധിരഹിത പട്ടയം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് കുറ്റിപ്ലങ്ങാട് ജനകീയ സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ.രാജന്, ഊരുമൂപ്പന് കെ.കെ. ധര്മിഷ്ഠന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വനാവകാശ പട്ടയം നല്കാൻ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ഇറക്കിയ ഉത്തരവില്‍ ഇടുക്കി ജില്ലയില്‍പെട്ട കൊക്കയാര്‍ വില്ലേജിലെ കുറ്റിപ്ലങ്ങാട് പ്രദേശത്തെ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആദിവാസി സമൂഹം താമസിക്കുന്ന കുറ്റിപ്ലങ്ങാട് പ്രദേശം 200 വര്‍ഷം മുമ്പ് തങ്ങളുടെ പൂര്‍വികരുടെ കൈവശമിരുന്ന വനേതരഭൂമിയാണെന്നും രാജഭരണകാലത്ത് പട്ടയം ലഭിച്ചിട്ടുണ്ടെന്നും പട്ടയത്തിന് ഇപ്പോഴും കരം അടച്ചുവരികയാണെങ്കിലും അവകാശമില്ലാത്ത രീതിയിലാണ് അധികാരികള്‍ പെരുമാറുന്നതെന്നും പ്രദേശവാസികൾ പറയുന്നു.
പ്രദേശത്തിന്റെ അതിര്‍ത്തിയില്‍ വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷന് സ്ഥിതി ചെയ്യുന്നതിന്റെ മറവില്‍ ആദിവാസികളെ ദ്രോഹിക്കുകയാണ്. രാജഭരണകാലത്ത് ലഭിച്ച 1600 ഏക്കര്‍ ഭൂമിക്ക് റവന്യു വകുപ്പില്‍ കരമടച്ചു വരുന്നതുമാണ്. ഇത് വിൽക്കാനോ മക്കളുടെ വിവാഹ-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പണയപ്പെടുത്താനോ അനുവദിക്കുന്നില്ല. വനാതിര്‍ത്തിയില്‍ 1986ല്‍ ജണ്ട തിരിച്ചു വനേതര മേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ വനപാലകര്‍ ആദിവാസികളോട് ക്രൂരത കാട്ടുകയാണ്. വനം-റവന്യു വകുപ്പുകള്‍ സംയുക്തമായി വെരിഫിക്കേഷന് നടത്തി നിശ്ചയിച്ച അതിര്‍ത്തിയാണ് വനഭൂമിയാക്കി മാറ്റാൻ ശ്രമിക്കുന്നത്. ജണ്ടക്ക് പുറത്തു താമസിക്കുന്ന തങ്ങള്‍ക്ക് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീതി നിഷേധിക്കുന്നതെന്നു വ്യക്തമാക്കണം.
വനാവകാശനിയമ പ്രകാരം വനത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്കാണ് വനാവകാശപട്ടയം നല്‍ക്കേണ്ടത്. വനാതിര്‍ത്തിയായ ജണ്ടയ്ക്കു വെളിയിലുള്ള വനേതരഭൂമിയില്‍ വനാവകാശപട്ടയം പാടില്ല എന്ന് നിയമം കാറ്റില്‍ പറത്തിയാണ് കുറ്റിപ്ലാങ്ങാടു നിവാസികളുടെ മേല്‍ അത്തരം പട്ടയം അടിച്ചേല്‍പ്പിക്കാനുളള നീക്കം ശക്തമായത്. 1951ൽ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് അനുവദിച്ച 17,100 ഹെക്ടര്‍ വനേതരഭൂമിയിലാണ് കുറ്റിപ്ലാങ്ങാട് നിവാസികള്‍ താമസിക്കുന്നത്. ആ ഭൂമി 1964 ലെ ചട്ടപ്രകാരം പതിച്ച് നല്കാൻ 1973 ല്‍ സര്‍ക്കാര്‍ ഉത്തരവുമുണ്ട്. 1980 ലെ വന സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് വനത്തിനുള്ളില്‍ പതിച്ച് നല്കിയ ഭൂമിയും പതിച്ച് നല്കാന് തീരുമാനിച്ച ഭൂമിയും വനഭൂമിയല്ല എന്ന് 2009 ല്‍ സുപ്രീം കോടതി വിധിയുമുണ്ടായിട്ടും ചെവിക്കൊളളാത്തത് ആദിവാസികളോടുളള വെല്ലുവിളിയാണ്.
നിയമനുസരണം നല്‍കേണ്ട ഉപാധിരഹിത പട്ടയം അട്ടിമറിച്ച് ഉപാധി പട്ടയമായ വനാവകാശ പട്ടയം നല്‍കാനുള്ള ശ്രമത്തിനെതിരെ പ്രക്ഷോഭങ്ങളിലേക്കും നിയമനടപടികളിലേക്കും തെരഞ്ഞെടുപ്പ് ബഹിഷ്കരണനടപടികളിലേക്കും നീങ്ങും. സമിതി കണ്‍വീനര്‍മാരായ പി.ബി. ശ്രീനിവാസന്, വി.എസ്. ഗംഗാധരന്, കെ.എ. അര്ജുനന്, ഇ.ആര്. ലക്ഷ്മിക്കുട്ടി, ഉഷാരാജു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.