പ്രവാസികൾക്ക് ജോലി നൽകിയാൽ ശമ്പളത്തിന്റെ ഒരുഭാഗം സർക്കാർ വക; മടിച്ച് തൊഴിലുടമകൾ
text_fieldsകോട്ടയം: തൊഴിലുടമകൾ മുഖംതിരിച്ചതോടെ പ്രവാസികൾക്ക് ജോലി നൽകിയാൽ സർക്കാർ പണം നൽകുന്ന പദ്ധതി മെല്ലെപ്പോക്കിൽ. ഇതുവരെ 12 സ്ഥാപനങ്ങൾ മാത്രമാണ് പദ്ധതിയുമായി സഹകരിക്കാൻ താൽപര്യം കാട്ടിയിരിക്കുന്നത്.
ഇതിൽ തുടർപരിശോധനകൾ നടത്തി ഏഴ് സ്ഥാപനങ്ങളുടെ അപേക്ഷ നോർക്ക റൂട്ട്സ് അംഗീകരിച്ചു. എന്നാൽ, ഇതുവരെ നിയമനമൊന്നും നടന്നിട്ടില്ല. തിരിച്ചെത്തിയ പ്രവാസികൾക്ക് ജോലി നൽകുന്ന കേരളത്തിലെ സ്ഥാപനങ്ങൾക്ക് ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ നൽകുന്ന പദ്ധതി നവംബറിലാണ് നോർക്ക റൂട്ട്സ് പ്രഖ്യാപിച്ചത്.
തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തൊഴിൽദാതാക്കൾക്ക് പ്രോത്സാഹനം നൽകാനാണ് ‘നെയിം’ എന്ന പദ്ധതി ആവിഷ്കരിച്ചത്. പ്രവാസികളുടെ അനുഭവപരിചയം നാട്ടിലെ സംരംഭങ്ങൾക്ക് പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടു. പദ്ധതിയുടെ ഭാഗമാകുന്ന തൊഴിലുടമ നോർക്ക റൂട്ട്സ് നൽകുന്ന ഉദ്യോഗാർഥികളുടെ പട്ടികയിൽനിന്ന് നിയമനം നടത്തിയാൽ ആ വ്യക്തിക്ക് നൽകേണ്ട ശമ്പളത്തിന്റെ ഒരുഭാഗം സർക്കാർ നൽകും. പ്രതിവർഷം പരമാവധി 100 തൊഴിൽദിനങ്ങളിലെ ശമ്പളവിഹിതമാണ് സ്ഥാപനത്തിന് നൽകുക. പ്രതിദിനം പരമാവധി 400 രൂപ നൽകും. ഒരുസ്ഥാപനത്തിൽ പരമാവധി 50 തൊഴിലാളികൾക്കാണ് ഇങ്ങനെ വേജ് കോംപൻസേഷൻ ലഭിക്കുക.
ജീവനക്കാരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് വേതനം കൈമാറിവരുന്ന തൊഴിലുടമകൾക്കാണ് പദ്ധതിയുടെ ഭാഗമാകാൻ അർഹത. സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന തൊഴിലുകളിലേക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിക്കും. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക തയാറാക്കി അതത് കമ്പനികൾക്ക് നൽകുകയാകും നോർക്ക റൂട്ട്സ് ചെയ്യുക. ഈ പട്ടികയിൽനിന്ന് സ്ഥാപനങ്ങളുടെ ഇഷ്ടപ്രകാരം നിയമിക്കാം. നാട്ടിലെത്തി ആറുമാസം കഴിഞ്ഞ, രണ്ടുവർഷമെങ്കിലും പ്രവാസികളായിരുന്നവർക്കാണ് ജോലിക്കായി അപേക്ഷിക്കാനാകുക. ആദ്യഘട്ടമായി ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭകരെയാണ് രജിസ്ട്രേഷനായി ക്ഷണിച്ചത്.
ഇതിനിടെ, കമ്പനികൾ ആവശ്യപ്പെട്ട യോഗ്യതയുള്ളവരെ കണ്ടെത്താൻ കഴിയാത്തതും പദ്ധതിക്ക് തിരിച്ചടിയായി. അടുത്തിടെ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വാഹന ഡീലര്ഷിപ് സ്ഥാപനത്തിലെ 45ഓളം ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ, അപേക്ഷിച്ചവരിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് ഏറെയും. ഉയർന്ന യോഗ്യതയുള്ളവർ പ്രതീക്ഷിച്ച ശമ്പളം ലഭിക്കാത്തതിനാൽ പിന്മാറുകയും ചെയ്തു. ഇതിൽ തുടർപരിശോധനകൾ നടക്കുകയാണ്.
അപേക്ഷകരിൽ കൂടുതലും ഉയർന്ന പ്രായപരിധിയും ഹെൽപർ തസ്തികയിൽ യോഗ്യതയുള്ളവരുമാണെന്ന് നോർക്ക റൂട്ട്സ് അധികൃതർ പറഞ്ഞു. ഇത്തരക്കാരെ നിയമിക്കാൻ കഴിയുന്ന സ്ഥാപനങ്ങളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിയിൽനിന്ന് സ്ഥാപനങ്ങൾ വിട്ടുനിൽക്കുന്നത് താൽക്കാലികമാണെന്നും അടുത്ത ഘട്ടത്തിൽ കൂടുതൽപേർ സഹകരിക്കുമെന്നും ഇവർ പറയുന്നു.