കടുത്തുരുത്തി ടൗൺ ബൈപാസ് നിർമാണം അന്തിമഘട്ടത്തിൽ
text_fieldsകടുത്തുരുത്തി ടൗൺ ബൈപാസ് റോഡിന്റെ നിർമാണ പ്രവർത്തനം ത്വരിതഗതിയിൽ
പൂർത്തീകരിക്കുന്നു
കടുത്തുരുത്തി: കോട്ടയം-എറണാകുളം സംസ്ഥാന പാതക്ക് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപാസ് റോഡിന്റെ നിർമാണം അന്തിമഘട്ടത്തിലെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ കടുത്തുരുത്തി ബ്ലോക്ക് ജങ്ഷനിൽനിന്ന് ആരംഭിച്ച് ഐ.ടി.സി ജങ്ഷനിൽ അവസാനിക്കുന്ന ബൈപാസ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിച്ച് ടാറിങ് ജോലികൾക്ക് തുടക്കങ്ങാനുള്ള ക്രമീകരണം ഏർപ്പെടുത്തി.
ബി.എം ആൻഡ് ബി.സി ടാറിങ് നടപ്പാക്കുന്നതിന്റെ മുന്നോടിയായി റോഡ് ബലവത്താക്കാനുള്ള നിർമാണ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ബിറ്റുമിൻ മെക്കാഡം ടാറിങ് ജോലികൾ നടപ്പാക്കുന്നതിന് തീരുമാനിച്ചു. ഇതിന്റെ തുടർച്ചയായി മാർച്ച് രണ്ടാം വാരത്തിൽ ബിറ്റുമിൻ കോൺക്രീറ്റ് ടാറിങ് ജോലികളും നടപ്പാക്കുന്ന വിധത്തിലാണ് ബൈപാസ് റോഡ് നിർമാണത്തിന്റെ പൂർത്തീകരണ ജോലികൾ ക്രമീകരിച്ചതെന്ന് മോൻസ് ജോസഫ് എം.എൽ.എ ചൂണ്ടിക്കാട്ടി.
കടുത്തുരുത്തി-പിറവം റോഡിന്റെ ബിറ്റുമിൻ കോൺക്രീറ്റ് ടാറിങ് ജോലികളും കടുത്തുരുത്തി ടൗൺ ബൈപാസ് റോഡിന്റെ ടാറിങ് ജോലികളും ഒരേസമയം നടപ്പാക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമാണ് തീരുമാനിച്ചത്.
ടാറിങ് ജോലികൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ ഗതാഗതയോഗ്യമാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തിയതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.


