വിടവാങ്ങിയത് സർക്കസ് ലോകത്തിന് കാഞ്ഞിരപ്പള്ളി സംഭാവന ചെയ്ത അലിബാബ...
text_fieldsകാഞ്ഞിരപ്പള്ളി: മുഹമ്മദാലിയുടെ വേർപാടിലൂടെ നാടിന് നഷ്ടമായത് സർക്കസ് ലോകത്തിന് കാഞ്ഞിരപ്പള്ളി സംഭാവന ചെയ്ത അതുല്യകലാകാരനെ. ആളിക്കത്തുന്ന തീക്കുണ്ഡത്തിന് മുകളിലൂടെ ജീപ്പ് പറപ്പിക്കുന്ന പ്രശസ്തനായിരുന്നു മുഹമ്മദാലി. ‘അലിബാബ’ എന്നാണ് സർക്കസിൽ അറിയപ്പെട്ടിരുന്നത്. കാഞ്ഞിരപ്പള്ളിക്കാർക്ക് എന്നും പ്രിയപ്പെട്ട മുഹമ്മദാലിയായിരുന്നു അദ്ദേഹം.
മുഹമ്മദാലിയുടെ മാസ്റ്റർ പീസ് ഐറ്റമായിരുന്നു ജീപ്പ് ജംപിങ്. നിരത്തിയിട്ട പലകകൾക്ക് മുകളിൽ കൂടി അതിവേഗത്തിൽ പാഞ്ഞു വരുന്ന മുകൾവശമില്ലാതെ തുറന്നു കിടക്കുന്ന ജീപ്പ് തീക്കുണ്ഡത്തിന് മുകളിലൂടെയാണ് സർക്കസ് തമ്പിനോളം ഉയരുക. പറന്നുയർന്ന ജീപ്പ് താഴേക്ക് വന്ന് നിലം തൊടുന്ന അത്ഭുതകാഴ്ച ശ്വാസമടക്കി പിടിച്ചല്ലാതെ കണ്ടിരിക്കാനാകില്ലായിരുന്നു. ഏതൊരാളും എണീറ്റ് നിന്ന് കൈയ്യടിക്കുന്ന പ്രകടനമായിരുന്നു അത്.
ജീപ്പ് ജംപിങ്ങിൽ മുഹമ്മദാലിയെ വെല്ലാൻ അക്കാലത്ത് അധികമാരുമുണ്ടായിരുന്നില്ല. 1957ൽ പത്താം ക്ലാസ് പഠനം കഴിഞ്ഞ് മുല്ലപ്പെരിയാർ ഡാം വർക്ക് സൈറ്റിൽ ജോലിക്ക് പോയ മുഹമ്മദാലി അവിടെ നിന്നും നേരെ പോയത് സഹോദരനായ മക്കാർ മൂസയുടെ സർക്കസ് തമ്പ് തേടിയായിരുന്നു. കൊൽക്കത്തയിലെ പ്രഭാത് സർക്കസിലായിരുന്നു അന്ന് മക്കാർ മൂസ. അങ്ങനെ സഹോദരൻ തെളിച്ച വഴിയിലൂടെയാണ് മുഹമ്മദാലിയും സർക്കസിൽ എത്തിയത്.
എല്ലാ സർക്കസ് അഭ്യാസങ്ങളും വളരെ പെട്ടെന്ന് തന്നെ വരുതിയിലാക്കി. ഫയർ ജംപിങ്ങിൽ മുഹമ്മദ് അലി അന്ന് ശരിക്കും അത്ഭുതമായിരുന്നു. ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. എവിടെ ചെന്നാലും പ്രമുഖരുടെ അടക്കം ആദരവുകൾ ഏറ്റുവാങ്ങി. റഷ്യൻ സർക്കസിലേക്ക് വരെ അദ്ദേഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. തുടരെയുള്ള അഭ്യാസങ്ങൾ കാരണം ആരോഗ്യ പരമായി പ്രയാസങ്ങൾ വന്നതോടെ 1971ൽ സർക്കസിനോട് വിടപറഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.


