വിരണ്ടോടിയ പോത്ത് കിണറ്റിൽ വീണു
text_fieldsഅറവിനായി കൊണ്ടുവന്ന പോത്ത് ആനക്കല്ലിൽ കിണറ്റിൽ വീണ നിലയിൽ
കാഞ്ഞിരപ്പളളി: കൊടികുത്തിയിൽ നിന്ന് അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി കിണറ്റിൽ വീണു. ആനക്കല്ലിൽ സ്വകാര്യ വ്യക്തി അറവിനായി കൊണ്ടുവന്ന 100 കിലോയോളം തൂക്കം വരുന്ന പോത്താണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ വിരണ്ടോടിയത്. ആനക്കല്ല് വണ്ടൻപാറ ക്ഷേത്രത്തിന് സമീപം വലയിട്ട് മൂടിയ 15 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് പോത്ത് വീണത്. കിണറ്റിൽ വെള്ളം കുറവായിരുന്നു.
കിണറിന് സമീപം ഫുട്ബാൾ കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരൻ മെൽബിൻ ആന്റോ, പോത്തിന്റെ ആക്രമണം ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. രാത്രി മുഴുവൻ കിണറ്റിൽ കിടന്ന പോത്തിനെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ അഗ്നിശമന സേന എത്തിയാണ് കരക്കെത്തിച്ചത്. രാവിലെ എട്ടിന് എത്തിയ അഗ്നിശമന സേന നാല് മണിക്കൂർ നീണ്ട ശ്രമങ്ങൾക്ക് ഒടുവിൽ ഉച്ചക്ക് 12 മണിയോടെയാണ് പോത്തിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
കാഞ്ഞിരപ്പള്ളി അഗ്നിശമന സ്റ്റേഷൻ ഓഫിസർ ഓമനക്കുട്ടൻ, ഫയർ ആൻഡ്റെസ്ക്യൂ ഓഫിസർ സുബേഷ്, അഗ്നിശമന സേനാംഗങ്ങളായ ശരത് ലാൽ, ബിനു, രതീഷ്, ഷാരോൺ, ജോയ്സ് എന്നിവരുടെ നേതൃത്വത്തിലാണ് പോത്തിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.


