കാഞ്ഞിരപ്പള്ളിയിൽ ഒമ്പത് കുടുംബങ്ങൾ സ്വപ്നഗൃഹത്തിലേക്ക്
text_fieldsനിർമാണം പൂര്‍ത്തിയായ വീടുകള്‍
കാഞ്ഞിരപ്പള്ളി: ഭീകരപ്രളയം നാടിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ സങ്കടക്കടലിലായവർ ഇനി ആശ്വാസതീരത്തേക്ക്. 2021 ല്‍ ഒക്ടോബറിലുണ്ടായ കനത്തമഴയിലാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഒന്നാം വാര്‍ഡിലെ വട്ടകപ്പാറ മലയടിവാരത്ത് പിച്ചകപ്പള്ളിമേട്ടില് താമസിച്ചിരുന്ന ഒമ്പത് കുടുംബങ്ങള്‍ക്ക് വീടുവിട്ടിറങ്ങേണ്ടിവന്നത്. ആദ്യം ക്യാമ്പിലേക്കും പിന്നീട് വാടക വീട്ടിലേക്കും താമസം മാറ്റേണ്ടിവന്നു.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ഈ സ്ഥലം വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്നതിനുള്ള എല്ലാ സാധ്യതകളും ഇല്ലാതായി.
ജീവിതത്തില്‍ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം മഴവെള്ളത്തില്‍ ഒലിച്ചുപോകുന്നത് നോക്കി പൊട്ടിക്കരഞ്ഞവര്ക്ക് പഞ്ചായത്ത് അംഗം അഡ്വ. സുനില്‍ തേനംമാക്കല്‍ കൈത്താങ്ങായി മാറി. വാർഡ് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരെ കൂട്ടി ഇവര്‍ക്ക് സ്വന്തമായി കിടപ്പാടം ഒരുക്കാനുള്ള പ്രയത്നം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങി. നാടൊന്നിച്ചു കഠിനാധ്വാനം ചെയ്തതിന്റെ ഫലമായി ഒമ്പതു കുടുംബങ്ങൾക്കും സ്വപ്നഭവനം യാഥാർഥ്യമായി.
വാഗ്ദാനം നാല് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചു
വീടു നിര്മിച്ചുനല്കാന് കാഞ്ഞിരപ്പള്ളി ചാരിറ്റബിള്‍ ഓര്ഗനൈസേഷന് എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ച് ‘കൈ കോര്‍ക്കാം വീടൊരുക്കാം’ എന്ന പദ്ധതിക്കു രൂപം നല്കി. സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെ പദ്ധതിയിൽ അണിചേർന്നു. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ മാറി 40 സെന്റ് സ്ഥലം വിലക്ക് വാങ്ങി. ഒരു സെന്റ് സ്ഥലം ഉടമ സൗജന്യമായും നല്കി.
മൂന്നര സെന്റ് വീതമുള്ള ആറ് പ്ലോട്ടുകളിലായി രണ്ട് ബെഡ്റൂം, ഹാള്‍, കിച്ചൻ, ശൗചാലയം, സിറ്റൗട്ട് എന്നിവയുള്‍പ്പെടെ 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് വീടുകള്‍ നിര്‍മിച്ചു. വീടുകളുടെ താക്കോല്ദാനത്തിനൊപ്പം മൂന്ന് കുടുംബങ്ങള്‍ക്ക് മൂന്നര സെന്റ് വീതം സ്ഥലവും നല്‍കും. ബാക്കിയുള്ള സ്ഥലത്ത് ആയുര്‍വേദ ഡിസ്പെന്‍സറി, കളിസ്ഥലം, തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി. താക്കോല്‍ ദാനം നാടിന്റെ ഉത്സവമാക്കാനുള്ള തിരക്കിലാണ് വട്ടകപ്പാറ ഗ്രാമം.
താക്കോൽദാനം നാളെ പ്രതിപക്ഷനേതാവ് നിർവഹിക്കും
കാഞ്ഞിരപ്പള്ളി: നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം ഒന്നിന് വൈകീട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിർവഹിക്കും. അഡ്വ.സുനില്‍ തേനംമാക്കല്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, പീപ്പ്ള്‍സ് ഫൗണ്ടേഷന് ചെയർമാൻ പി.ഐ. നൗഷാദ്, കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് ചീഫ് ഇമാം അര്‍ഷദ് മൗലവി, സത്സ്വരൂപാനന്ദ സരസ്വതി സ്വാമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നിർവഹിക്കുമെന്ന് പഞ്ചായത്തംഗവും, കെ.സി ചെയര്‍മാനുമായ സുനില്‍ തേനംമാക്കല്‍, സെക്രട്ടറി പി.പി. അസീസ്, ട്രഷറര്‍ സെയ്ത് ചെറുകര എന്നിവര്‍ അറിയിച്ചു.