റിലീസ് പടങ്ങൾ മിന്നിയ കാഞ്ഞിരപ്പള്ളിയിൽ സിനിമശാലകൾ ഇനി പഴങ്കഥ
text_fieldsപൊളിച്ചുനീക്കുന്ന കാഞ്ഞിരപ്പള്ളി ബേബി തിയറ്ററിന്റെ പഴയ ചിത്രം
കാഞ്ഞിരപ്പള്ളി: ‘കാഞ്ഞിരപ്പള്ളി ബേബി ടാക്കീസിന്റെ വെള്ളിത്തിരയിൽ സത്യനും പ്രേംനസീറുമൊക്കെ അഭിനയിക്കുന്ന ചിത്രം ഒരുനോക്ക് കണ്ട് ആസ്വദിക്കാൻ നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു’ ചെണ്ടയടിക്കാരുടെ അകമ്പടിയോടെ ഉന്തുവണ്ടിയിൽ നടന്ന സിനിമ പ്രചാരണം പഴയ തലമുറയുടെ ഓർമകളിലുണ്ട്. ഉന്തുവണ്ടി പിന്നീട് ജീപ്പിലേക്ക് മാറി. സിനിമ നോട്ടീസ് എടുക്കാൻ ജീപ്പിന് പിന്നാലെ മത്സരിച്ച് ഓടുന്നത് ഒക്കെ പഴയ തലമുറക്കാരുടെ ഓർമകളിൽ ഇന്നും തെളിഞ്ഞുനിൽക്കുന്നു. വെള്ളിയാഴ്ചകളിലായിരുന്നു സിനിമ മാറ്റം. സിനിമ മാറ്റം അറിയിച്ച് വ്യാഴാഴ്ചകളിൽ പോസ്റ്റർ ഭിത്തികളിൽ ഒട്ടിക്കും. പ്രചാരണ ബോർഡുകൾ വെക്കുന്ന കടയുടമകൾക്ക് ശനിയാഴ്ച സെക്കൻഡ് ക്ലാസിൽ ആഴ്ചയിൽ ഒരുതവണ സൗജന്യ പ്രവേശനം.
75 വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ബേബി തിയറ്ററിൽ ആദ്യഘട്ടത്തിൽ ഏറ്റവും മുന്നിൽ തറടിക്കറ്റും ഇതിനുപിന്നിൽ ബഞ്ചും അതിനു പിന്നിൽ സെക്കൻഡ് ക്ലാസ് കസേരയും ഏറ്റവും പിറകിലായി ഫസ്റ്റ് ക്ലാസും ഇതിനു മുകളിലായി രണ്ടാം നിലയിൽ തടികൊണ്ട് നിർമിച്ച ബാൽക്കണിയുമായിരുന്നു. അടിയന്തരാവസ്ഥ കാലങ്ങളിൽ സി.പി.എമ്മിന്റെ നേതാക്കൾ തിയറ്ററിൽ കയറി ‘അടിയന്തിരാവസ്ഥ അറബിക്കടലിൽ’ എന്ന മുദ്രാവാക്യം വിളിച്ചതോടെ പൊലീസ് ഇവരെ മർദച്ച് പിടിച്ചു കൊണ്ടുപോകുന്നത് ഒക്കെ പഴയകഥ.
കാഞ്ഞിരപ്പള്ളിക്കാരനായ പി.ഐ.എം. കാസിം പുളിമൂട്ടിലും കെ.എൻ. കാസിം കുറ്റികാട്ടിലും ഒക്കെ നിർമിച്ച ഇരുട്ടിന്റെ ആത്മാവ്, വിവാഹം സ്വർഗത്തിൽ, അഞ്ചു സുന്ദരികൾ തുടങ്ങിയ സിനിമകൾ നൂറുദിവസങ്ങൾ ഓടിയിട്ടുണ്ട്. മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ എന്ന സിനിമയിൽ മമ്മൂട്ടി സിനിമ കണ്ടുകൊണ്ടിരിക്കുന്ന രംഗം ചിത്രീകരിച്ചതും ബേബി തിയറ്ററിലായിരുന്നു. ‘വിടപറയും മുമ്പേ’ സിനിമയുടെ നൂറാം ദിനം ഈ തിയറ്ററിൽ വലിയ ആഘോഷത്തിലാണ് നടത്തിയിരുന്നത്. ഇന്ന് ബേബി തിയറ്റർ പൊളിച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. കാലങ്ങൾക്ക് മുമ്പ് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം തുടങ്ങിയ ഗ്രാൻഡ് ഒപ്പേറെ തിയറ്ററും കലായവനിക്കുള്ളിൽ മറഞ്ഞു.
സമീപപ്രദേശങ്ങളിലെ പല തിയറ്ററുകളുടെയും പ്രവർത്തനം മുമ്പ് നിലച്ചിരുന്നു. പൈങ്ങണയിൽ പുതിയ തിയറ്റർ എത്തിയതാണ് സിനിമ സ്നേഹികളുടെ ആശ്വാസം. കാഞ്ഞിപ്പള്ളി കേന്ദ്രമായി പുതിയ തിയറ്റർ സമുച്ചയം സ്ഥാപിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്.


