പൂന്തോട്ടമായി കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡ്
text_fieldsകാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിന്റെ പാതയോരം ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരിച്ചപ്പോൾ. ആനക്കല്ലിൽനിന്നുള്ള കാഴ്ച
കാഞ്ഞിരപ്പള്ളി: ഇതുവഴിയുള്ള യാത്ര എത്ര സുന്ദരം, മനോഹരം. ആദ്യമായി ഇതുവഴി കടന്നുവരുന്ന ആരെയും ആകർഷിക്കുന്ന കാഴ്ചയാണിവിടെ. പാതയോരത്തെ മിക്കയിടങ്ങളിലും ചെടികൾ പിടിപ്പിച്ച് പൂന്തോട്ടം ഒരുക്കി സൗന്ദര്യവത്കരിച്ചിരിക്കുന്നു. റോഡുകൾ കാടുകയറി ബോർഡുകൾ അടക്കം മറച്ച് യാത്രക്കാർക്ക് ഭീഷണിയാകുമ്പോഴാണ് വേറിട്ട പാതയിലൂടെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡ് മാതൃകയാകുന്നത്.
കാലവർഷം ആരംഭിച്ചതോടെ നാട്ടിലെ പാതയോരങ്ങൾ മിക്കതും കാടുകയറിയ നിലയിലാണ്. എന്നാൽ, കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിന്റെ പാതയോരത്തെ കാടുകൾ വെട്ടിമാറ്റിയാണ് പൂങ്കാവനം ഒരുക്കിയിരിക്കുന്നത്. റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടത്തിയ ഇ.കെ.കെ കമ്പനിയാണ് പാതയോരം വൃത്തിയാക്കി സുരക്ഷാവേലിയും തീർത്ത് പൂന്തോട്ടം ഒരുക്കിയത്.
റോഡരികിലെ കാടുകൾ വെട്ടിമാറ്റുക, പാതയോരത്തെ അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റുക, ഓടകളിലെ മാലിന്യവും കല്ലും മണ്ണും നീക്കംചെയ്യുക, റോഡിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുക, സുരക്ഷാവേലി സ്ഥാപിക്കുക തുടങ്ങിയവ നിർമാണ കമ്പനിയുടെ ചുമതലയാണ്. അഞ്ച് വർഷത്തേക്കുള്ള പരിപാലനവും അവർക്കാണ്. ഈരാറ്റുപേട്ട റോഡ് ആരംഭിക്കുന്ന കാഞ്ഞിരപ്പള്ളി ടൗണിലെ പേട്ട കവലയിലെ ഡിവൈഡറിലും ചെടികൾ നട്ട് മനോഹരമാക്കിയിട്ടുണ്ട്. റോഡ് മനോഹരവും വൃത്തിയായും സൂക്ഷിക്കാൻ തുടങ്ങിയതോടെ മാലിന്യം വലിച്ചെറിയുന്നത് കുറഞ്ഞിട്ടുണ്ട്.