ജനറൽ ആശുപത്രിയിൽ ആകെ ഒരു ആംബുലൻസ്; രാത്രി നോ സർവീസ്
text_fieldsകാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പരിസരത്ത് നാളുകളായി കിടന്നു തുരുമ്പെടുത്ത് നശിച്ച ആംബുലൻസ്
കാഞ്ഞിരപ്പള്ളി: ആരോഗ്യ വകുപ്പിന് സ്വന്തമായി ആംബുലൻസ് ഇല്ലാത്ത ജനറൽ ആശുപത്രിയായി കാഞ്ഞിരപ്പള്ളി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലയിലെ ആയിരങ്ങളുടെ ആശ്രയമായ ജനറൽ ആശുപത്രിയിൽ ആകെയുള്ളത് പേരിന് ഒരു ആംബുലൻസ് മാത്രം. ഇതാകട്ടെ രാത്രി ഓടാറുമില്ല.
മൂന്ന് ആംബുലൻസാണ് ഇവിടെ ഉണ്ടായിരുന്നത്. ഒന്ന് കുറച്ചു നാൾ മുമ്പ് ജില്ല മെഡിക്കൽ ഓഫിസിലേക്ക് തിരികെ കൊണ്ടുപോയി. പിന്നീടുള്ളത് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ഫണ്ടിൽനിന്നും ആന്റോ ആന്റണി എം.പിയുടെ ഫണ്ടിൽനിന്നും അനുവദിച്ച ഓരോ ആംബുലൻസാണ്.
ഇതിൽ ഡോ. എൻ. ജയരാജ് എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ്, രോഗിയുമായി പോകുമ്പോൾ അപകടത്തിൽപെട്ട് വർക് ഷോപ്പിലായിട്ട് ആറു മാസം കഴിഞ്ഞു. തകരാർ പരിഹരിക്കുന്നതിന് പകരം പുതിയത് വാങ്ങുകയാണ് നല്ലതെന്ന അഭിപ്രായമാണ് അധികൃതർക്ക്. നിലവിൽ ആന്റോ ആന്റണിയുടെ ഫണ്ടിൽ നിന്നുള്ള ആംബുലൻസ് മാത്രമാണ് ഉളളത്.
ഡ്രൈവർമാരുടെ കുറവാണ് രാത്രി സർവീസ് പോകാത്തതിന് അധികൃതർ പറയുന്ന കാരണം. എന്നാൽ, ആശുപത്രിയിൽ നിലവിൽ മൂന്ന് ആംബുലൻസ് ഡ്രൈവർമാരുണ്ട്. ഇതിൽ സ്ഥിര നിയമനമുള്ള ഡ്രൈവർക്ക് പാലിയേറ്റീവ് ആംബുലൻസിലാണ് ഡ്യൂട്ടി.
താൽകാലിക ഡ്രൈവർമാർ മൂന്നു ഷിഫ്റ്റിൽ ജോലി ചെയ്യാൻ മടിക്കുന്നതാണ് രാത്രി സർവീസ് മുടങ്ങാൻ കാരണം. ആരോഗ്യ വകുപ്പിന്റെ മറ്റു സ്ഥാപനങ്ങളിൽനിന്ന് ഡ്രൈവർമാരെ ഇവിടേക്ക് നിയമിച്ചാൽ രാത്രി സർവീസ് മുടങ്ങില്ല.
അടിയന്തര ഘട്ടങ്ങളിൽ രോഗികളെ മെഡിക്കൽ കോളജിലും മറ്റും കൊണ്ടു പോകണമെങ്കിൽ 108 ആംബുലൻസുകളെയോ സ്വകാര്യ ആംബുലൻസുകളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.