Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightകാഞ്ഞിരപ്പള്ളി ബൈപാസ്;...

കാഞ്ഞിരപ്പള്ളി ബൈപാസ്; റീടെന്‍ഡര്‍ ഏറ്റെടുക്കാന്‍ നാലു കമ്പനികള്‍

text_fields
bookmark_border
കാഞ്ഞിരപ്പള്ളി ബൈപാസ്; റീടെന്‍ഡര്‍ ഏറ്റെടുക്കാന്‍ നാലു കമ്പനികള്‍
cancel

കാഞ്ഞിരപ്പള്ളി: നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയ ബൈപാസിന്റെ റീടെന്‍ഡര്‍ ഏറ്റെടുക്കാന്‍ നാലു കമ്പനികള്‍ രംഗത്ത്. ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി നിര്‍മാണ പുരോഗതി കൈവരിക്കാത്തതിനാല്‍ കിഫ്ബി കരാറില്‍നിന്ന് കരാറുകാരനെ ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് റീടെന്‍ഡര്‍ ക്ഷണിച്ചത്.

78.69 കോടി രൂപക്ക് കിഫ്ബിയില്‍ നിന്ന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 24.76 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിന് ചെലവായത്. റോഡിനും മേല്‍പ്പാല നിര്‍മാണത്തിനുമായി 26.17 കോടി രൂപയാണ് ആദ്യം കണക്കാക്കിയിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 35.30 കോടി രൂപയാണ് എസ്റ്റിമേറ്റ്.

റീടെന്‍ഡറില്‍ വന്നിരിക്കുന്ന കരാറുകാര്‍ സമര്‍പ്പിച്ചിരിക്കുന്ന ടെക്നിക്കല്‍, ഫിനാന്‍ഷ്യല്‍ ബിഡുകള്‍ പരിശോധിച്ച് ഈ മാസം അവസാനത്തോടെ അര്‍ഹരായവര്‍ക്ക് സെലക്ഷന്‍ നോട്ടീസ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിര്‍മാണം നിലച്ചത് ജൂണില്‍

2023 ഡിസംബറില്‍ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 2024 ഫെബ്രുവരിയിലാണ് പൂര്‍ണതോതില്‍ ആരംഭിച്ചത്. ഗുജറാത്ത് കേന്ദ്രമായ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. 2025 ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയതോടെ കരാറുകാരന് സമയം വീണ്ടും നീട്ടി നല്‍കി.

പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുത്തു. തുടര്‍ന്ന് 2025 ജൂണില്‍ നിര്‍മാണം നിലച്ചു.

ഇനിയും കാത്തിരിക്കണം

ബൈപാസ് ചെന്ന് കയറുന്ന ഭാഗമായ പൂതക്കുഴിയില്‍ നിന്ന് റോഡ് നിര്‍മാണം ആരംഭിച്ചിരുന്നു. പലയിടങ്ങളിലെയും പാറകള്‍ പൊട്ടിച്ച് നീക്കുകയും ചെയ്തു. മേല്‍പ്പാലത്തിന്റെ തൂണുകളുടെ നിര്‍മാണവും ആരംഭിച്ചിരുന്നു. റീടെൻഡർ ക്ഷണിക്കാന്‍ മാത്രം അഞ്ചു മാസമാണെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണത്തിലേക്ക് കടക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ കൊണ്ടുവന്ന പദ്ധതിയാണിത്.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിന് സമീപം ദേശീയപാത 183ല്‍ ആരംഭിച്ച് മണിമല റോഡിനും ചിറ്റാര്‍ പുഴക്കും കുറുകെ മേല്‍പ്പാലം നിര്‍മിച്ച് ടൗണ്‍ ഹാളിന് സമീപത്ത് കൂടി ദേശീയപാതയില്‍ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം ചെന്നെത്തുന്നതാണ് ബൈപാസ്.

Show Full Article
TAGS:kanjirappally retendered Bypass construction Kottayam News 
News Summary - Kanjirappally Bypass; Four companies to take up retender
Next Story